എറണാകുളം, മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്ക് കീഴിൽ വരുന്ന തൃപ്പൂണിത്തുറ, ആലുവ, നോർത്ത് പറവൂർ, മട്ടാഞ്ചേരി, അങ്കമാലി, പെരുമ്പാവൂ‍ർ, കോതമംഗലം എന്നീ ഓഫീസുകൾ സംയുക്തമായി സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ ൽ പരിഹരിച്ചത് 851 പരാതികൾ.

എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകൾ കേന്ദ്രീകരിച്ച് ലഭിച്ച പരാതികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ട് പരിശോധിച്ച് പരിഹാരം നിർദേശിക്കുകയായിരുന്നു. ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നായി 1,430 പരാതികളാണ് ലഭിച്ചതെന്ന് എറണാകുളം ആർ.ടി.ഒ പി.എം ഷബീർ, മൂവാറ്റുപുഴ ആർ.ടി.ഒ ടി.എം ജെർസൺ എന്നിവർ അറിയിച്ചു.

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 639 പരാതികളാണ് ജില്ലയിൽ ലഭിച്ചത്. ഇവയിൽ 427 എണ്ണം തീർപ്പാക്കി. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട 366 കേസുകളിൽ 194 എണ്ണം പരിഹരിക്കാനായി. പെർമിറ്റുമായി ബന്ധപ്പെട്ട ആറ് പരാതികളും തീർപ്പാക്കാൻ സാധിച്ചു. വാഹന നികുതിയുമായി ബന്ധപ്പെട്ട് 121 പരാതികളാണ് ലഭിച്ചത്. ഇവയിൽ 112 എണ്ണം തീർപ്പാക്കി. ചെക്ക് റിപ്പോർട്ട് സംബന്ധിച്ച 150 കേസുകളിൽ 37 എണ്ണം പരിഹരിച്ചു. ജനറൽ വിഭാഗത്തിൽ 148 പരാതികളാണ് ലഭിച്ചത്. ഇതിൽ 75 എണ്ണമാണ് തീർപ്പാക്കിയത്.