തളിപ്പറമ്പ്: ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാല്‍ നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് സാധിക്കണമെന്ന് ജെയിംസ് മാത്യു എം എല്‍ എ. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ നടന്ന പാല്‍ ഉപഭോക്തൃ മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണിയില്‍ ലഭിക്കുന്ന പാലിന്റെ ഗുണനിലവാരത്തെ കുറിച്ചും മായം കലര്‍ത്തിയ പാല്‍ വില്‍പ്പനയ്‌ക്കെത്തുന്നതിനെ കുറിച്ചും ഉപഭോക്താക്കള്‍ക്ക് ആശങ്കയുണ്ട്. ഇത്തരത്തിലുള്ള ആശങ്കകള്‍ മാറ്റി മെച്ചപ്പെട്ട പാല്‍ മാത്രം നല്‍കി ജനങ്ങളില്‍ പാലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് അധ്യക്ഷനായി. ചര്‍ച്ചയില്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം വി രജീഷ് കുമാര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് പാല്‍ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ ഹഫ്‌സത്ത്, തളിപ്പറമ്പ കെ വി സി എസ് പ്രസിഡന്റ് എം വത്സനാരായണന്‍, സെക്രട്ടറി ടി പി അനിത, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ്, സി വി ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.