മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ രണ്ട് വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്താറായിരം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ.അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളുടെ അടിസ്ഥാന  സൗകര്യ വികസനത്തിനായി 8.99 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പുളിന്താനം ഗവ:യു .പി സ്‌കൂളിന് അറുപത്തിയാറ് ലക്ഷം രൂപയും മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് 86. 66 ലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
           പുളിന്താനം ഗവ:യു.പി സ്‌കൂളില്‍ ആറ് ക്ലാസ്സ് മുറികളും ടോയ്‌ലറ്റ് ബ്ലോക്കും നിര്‍മ്മിക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ സ്‌കൂളിലെ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കുന്നതിനും വേണ്ട ഫണ്ട് തുടര്‍ന്ന് അനുവദിക്കുമെന്നും എം.എല്‍.എ.പറഞ്ഞു .സംസ്ഥാനത്ത് തന്നെ മികച്ച അക്കാദമിക്, കലാകായിക നേട്ടങ്ങള്‍ കൈവരിച്ച സ്‌കൂളാണിത്. നൂറ്റിമുപ്പത്തിയഞ്ച് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ അധ്യയന വര്‍ഷം 25 കുട്ടികള്‍ ഇവിടെ ചേര്‍ന്നു. നഴ്‌സറി ,കമ്പ്യൂട്ടര്‍ ലാബ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ബസ് സര്‍വ്വീസ്, മെസ്ഹാള്‍, കരാട്ടെ, യോഗാ പരിശീലനം എന്നിങ്ങനെ പി.ടി.എ യുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയ്ക്ക് സ്‌കൂളില്‍ നടത്തിയത്.
        മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് കഴിഞ്ഞ വര്‍ഷം കെട്ടിടം നിര്‍മ്മിക്കാനായി അന്‍പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 86.66 ലക്ഷം രൂപ കൂടി അനുവദിച്ചത്. ഇതോടെ മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ മന്ദിരം എന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. സ്‌കൂളിന്റെ പഴയ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവില്‍ മൂന്ന് ക്ലാസ് മുറികളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇതിനോട് ചേര്‍ന്ന് തന്നെ ക്ലാസ് മുറികളും ലാബിനുള്ള കെട്ടിടവും ഒരുക്കുന്നതിനാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പണം അനുവദിച്ചിരിക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ സ്‌കൂളിന്റെ പരാധീനതകള്‍ക്ക് പരിഹാരമാകും.
അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ രണ്ടും ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റില്‍ ഒന്നുമായി മൂന്ന് കോഴ്‌സുകളാണ് ഇവിടെയുള്ളത്. നൂറ്റി എഴുപത്തി അഞ്ച് വിദ്യാര്‍ത്ഥികളും,  എട്ട് അധ്യാപകരും, മൂന്ന് ലാബ് അസിസ്റ്റന്റുമാരും,  രണ്ട് ഓഫീസ് സ്റ്റാഫുകളും ഇവിടെ ഉണ്ട്.  ഉണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങളില്‍ ഒന്ന് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാഭ്യാസ വകുപ്പ് പൊളിച്ച് മാറ്റിയത്. നിലവിലെ രണ്ട് കെട്ടിടങ്ങളില്‍ ഒന്നിന്റെ അവസ്ഥ പരിതാപകരമാണ്. തകരഷീറ്റ് മേഞ്ഞ കെട്ടിടമാണിത്. ഇതില്‍ ലാബും ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അസൗകര്യങ്ങളെത്തുടര്‍ന്ന് മോഡല്‍ ഹൈസ്‌കൂളിലെ ക്ലാസ് മുറികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് വിട്ടു നല്‍കിയിരുന്നെങ്കിലും പി.എസ്.സി പരീക്ഷകള്‍ പോലുള്ളവ നടക്കുമ്പോള്‍ ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയിലായിരുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകുവെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണോദ്ഘാടനം ഉടന്‍ നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.
ക്യാപ്ഷന്‍ 1: പുളിന്താനം ഗവ:യു .പി .സ്‌കൂള്‍
ക്യാപ്ഷന്‍ 2: മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങള്‍