* 1034 യൂണിറ്റുകൾ, 29419 അംഗങ്ങൾ
വൃത്തിയുളള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതകർമസേന രൂപീകരിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) എത്തിക്കുന്നതാണ് ഹരിതകർമസേനയുടെ പ്രധാന പ്രവർത്തനം. ഇവിടെ നിന്നും മാലിന്യങ്ങൾ തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ എത്തിക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനായി മാറ്റുന്നു. ഇതാണ് ഹരിതകർമസേനയുടെ പ്രവർത്തനരീതി. ശുചിത്വമിഷന്റെ ചുമതലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 29,419 കുടുംബശ്രീ അംഗങ്ങളാണ് ഹരിതകർമസേനയിലുള്ളത്.
സംസ്ഥാനത്തെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1034 യൂണിറ്റ് ഹരിതകർമസേനകൾ പ്രവർത്തനസജ്ജമാണ്. പത്ത് മുതൽ നാൽപത് അംഗങ്ങൾ വരെയാണ് ഹരിതകർമസേനയുടെ ഒരു യൂണിറ്റിലുള്ളത്. ഒരു വാർഡിൽ രണ്ട് പേർ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. വീടുകളിൽ കൃത്യമായ ഇടവേളകളിൽ എത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കും. തദ്ദേശ സ്ഥാപനം നിശ്ചയിക്കുന്ന ചെറിയ യൂസർ ഫീ വീടുകൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഈടാക്കുന്നുണ്ട്.
റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ റോഡ് ടാറിങ്ങിനുപയോഗിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഹരിതകർമസേനയുടെ പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്.
സംസ്ഥാനത്തെ 4967.31 കിലോമീറ്റർ റോഡ് തദ്ദേശ സ്ഥാപനങ്ങളിലെ ആർആർഎഫുകളിൽ പൊടിച്ച 2800 മെട്രിക് ടൺ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ടാർ ചെയ്തത്. ഇത് കൂടാതെ വീട്ടുകാർക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങൾ നൽകാനും പാഴ്വസ്തുക്കളിൽ നിന്നും മികച്ച ഉത്പന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങൾ തുടങ്ങിയും മറ്റ് നൂതന സംരംഭ മാതൃകകൾ നടപ്പാക്കിയും സ്വയംപര്യാപ്തമാകാൻ ഹരിതകർമസേനകൾ ശ്രമിക്കുന്നു. 15,358 മാലിന്യ സംസ്‌ക്കരണ പ്രോജക്ടുകൾ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ യാഥാർത്ഥ്യമാക്കി. അതിലൂടെ സംസ്ഥാനത്തുണ്ടാകുന്ന ജൈവമാലിന്യത്തിന്റെ 45 ശതമാനം ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലൂടെ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കുന്നു.
ഹരിതകർമസേനയുടെ ഇടപെടൽ സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം കൃത്യതയാർന്നതും ചിട്ടയുള്ളതുമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സംവിധാനങ്ങളുടെ പര്യാപ്തതയാണ് ഹരിതകർമസേനയുടെ പ്രവർത്തനം വിജയകരമാക്കുന്നത്.