കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കണ്ണൂരിലെ പായം പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം 18ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ രാവിലെ 9.30 ന് നടക്കുന്ന പരിപാടിയിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനാകും. തിയേറ്റർ നിർമിക്കുന്നതിനായി പായം പഞ്ചായത്ത് നിർമാണം പൂർത്തിയാക്കിയ കെട്ടിടം കെ എസ് എഫ് ഡി സി യ്ക്ക് കൈമാറും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആറു കോടി ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച്  പായം പഞ്ചായത്തിൽ തിയേറ്റർ ഒരുക്കുന്നത്. രണ്ടു സ്‌ക്രീനുകളുള്ള തിയേറ്റർ സമുച്ചയമാണ് നിർമിക്കുന്നത്. തിയ്യേറ്ററുകളിൽ  4k – 3D  ഡിജിറ്റൽ പ്രൊഡക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ജെ ബി എൽ/ ഡോൾബി സ്പീക്കർ, സിൽവർ സ്‌ക്രീൻ, ഇൻവെർട്ടർ ടൈപ്പ് ശീതീകരണ സംവിധാനം തുടങ്ങിയവയാണ് ഒരുക്കുന്നത്. കൂടാതെ സുരക്ഷ ഒരുക്കുന്നതിനായി ക്യാമറകൾ, വൈദ്യുതി തടസം ഒഴിവാക്കുന്നതിനായി ആധുനിക ജനറേറ്ററുകൾ, അഗ്‌നി രക്ഷാ സംവിധാനങ്ങൾ, എൽ ഇ ഡി ഡിസ്‌പ്ലേ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കും. രണ്ടു തിയേറ്ററുകളിലുമായി 300 സീറ്റുകളാണ് ക്രമീകരിക്കുക.കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, മാനേജിങ് ഡയറക്ടർ എൻ മായ, പായം പഞ്ചായത്ത്  പ്രസിഡന്റ് പി രജനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.