സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുള്ള ‘മെറി ഹോം’ ഭവന വായ്പാ പദ്ധതിയുടെ പ്രഖ്യാപനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം, സ്വയംതൊഴിൽ, വാഹനം തുടങ്ങിയവയ്ക്കു നിലവിൽ നൽകിവരുന്ന വായ്പാ പദ്ധതികൾക്കൊപ്പം ഭവന വായ്പ കൂടി ഉൾപ്പെടുത്തിയത് കൂടുതൽ ഗുണകരമാകും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് എല്ലാ പിന്തുണയും നൽകി സ്വയംപര്യാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.
സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ വഴി, വിവിധ ഭിന്നശേഷി അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു. ദേശീയ വികലാംഗ ധനാകാര്യ വികസന കോർപ്പറേഷൻ വഴിയാണു ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു ഭവന വായ്പാ ലഭ്യമാക്കുന്നത്. നാമമാത്രമായ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കൂ. ആദ്യഘട്ടത്തിൽ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണു വായ്പ നൽകുന്നത്.