ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കുറവ്
ഇക്കൊല്ലത്തെ സപ്ലൈകോ ഓണം – ബക്രീദ് വിപണന മേള പീരങ്കി മൈതാനത്ത് തുടങ്ങി. വിലക്കുറവിന്റെ വിപണി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റമില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനൊപ്പം വിപണി വിലയേക്കാള്‍ 60 ശതമാനം വരെ വിലക്കുറവാണ് സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ ഫെയറുകളിലൂടെ സര്‍ക്കാര്‍  ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അരി ഉള്‍പ്പെടെ 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഗുണനിലവാരം ഉറപ്പാക്കി നല്‍കുന്നത്. സപ്ലൈകോയുടേതല്ലാത്ത ഉത്പന്നങ്ങള്‍ക്ക് 30 ശതമാനമാണ് വിലക്കിഴിവ്.
ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കി സാധാരണക്കാര്‍ക്ക് സാമ്പത്തിക ഭാരം അധികരിക്കാത്ത ഓണക്കാലമാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്.  സപ്ലൈകോയുടെ പ്രത്യേക ഉത്പന്നങ്ങള്‍ക്ക് വലിയ തോതിലുള്ള വിലക്കുറവും ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യം പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. ആദ്യവില്‍പ്പന നിര്‍വഹിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ റ്റി. ആര്‍. നരസിംഹുഗാരി റെഡ്ഡി, ജില്ലാ ഓഫീസര്‍ ഷാജി കെ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ മാസം 24 വരെയാണ് ജില്ലാതല മേള പ്രവര്‍ത്തിക്കുക.