ഇന്റർസ്റ്റേറ്റ് കൗൺസിലിന്റെ സതേൺ സോണൽ കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 12-ാമതു യോഗം തിരുവനന്തപുരത്തു ചേർന്നു. ഓഗസ്റ്റിൽ നടക്കുന്ന സതേൺ സോണൽ കമ്മിറ്റി യോഗത്തിന്റെ അജണ്ട നിശ്ചയിക്കുന്നതിനായാണു യോഗം ചേർന്നത്.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽനിന്നുള്ള ചീഫ് സെക്രട്ടറിമാർ, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്നതാണു സ്റ്റാൻഡിങ് കമ്മിറ്റി. ഈ സംസ്ഥാനങ്ങൾ തമ്മിലുള്ളതും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ളതുമായി വികസന പദ്ധതികൾ, കരാറുകൾ, ഭരണപരമായ മറ്റു വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച 86 അജണ്ടകൾ യോഗം ചർച്ച ചെയ്തു. കഴിഞ്ഞ നവംബറിൽ ചേർന്ന സതേൺ സോണൽ കൗൺസിലിന്റെ തുടർച്ചയായുള്ള 26 വിഷയങ്ങളും പുതുതായി ഉൾപ്പെടുത്തിയ 60 വിഷയങ്ങളുമാണ് അജണ്ടയിലുള്ളത്.

തിരുവനന്തപുരം ഹൈസിന്ദ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റർസ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റിലെ സെക്രട്ടറി അനുരാധ പ്രസാദ്, ആന്ധ്ര ചീഫ് സെക്രട്ടറി ഡോ. സമീർ ശർമ, തമിഴ്നാട് അഡിഷണൽ ചീഫ് സെക്രട്ടറി വിക്രം കപൂർ, കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത, തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവു, ലക്ഷദ്വീപ് ചീഫ് സെക്രട്ടറി ടു അഡ്മിനിസ്ട്രേറ്റർ എ. അംബരീഷ്, ആൻഡമാൻ നിക്കോബാർ കമ്മിഷണർ കം സെക്രട്ടറി സതിഷ് കുമാർ, പുതുച്ചേരിയിൽനിന്നുള്ള സെക്രട്ടറി ജവഹർ, കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.