കല്‍പ്പറ്റ: പ്രളയക്കെടുതിയിലെ സൈന്യത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം. സ്വന്തം ജീവന്‍പ്പോലും മറന്നാണ് കനത്ത മഴയില്‍ അപകട ഭീഷണികളെ തരണം ചെയ്തു സാധാരണക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. മഴക്കെടുതിയില്‍ ജില്ലയിലെത്തിയ സേനാംഗങ്ങളില്‍ ഭൂരിഭാഗം പേരും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇഷ്ടഭക്ഷണം ചപ്പാത്തിയും റൊട്ടിയും പരിപ്പും ഉരുളക്കിഴങ്ങും. എന്നാല്‍, കഴിഞ്ഞ അഞ്ചു ദിവസമായി തങ്ങളുടെ ഭക്ഷണ മെനുവിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിഞ്ഞില്ലെന്നു രക്ഷാപ്രവര്‍ത്തനത്തിനു ശേഷം വിശ്രമത്തിലായിരുന്ന സൈനികന്‍ പറഞ്ഞു. മലയാളിയുടെ ഭക്ഷണം ഇപ്പോള്‍ തങ്ങളും ഇഷ്ടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറയുന്നു. ദേശീയ ദുരന്തനിവാരണ സേനയിലെ 51 പേര്‍, നാവികസേനയില്‍ നിന്നുള്ള 31 പേര്‍, ആര്‍മി ഡിഫന്‍സ് സെക്യൂരിട്ടിയില്‍ നിന്നുള്ള 84 പേര്‍ എന്നിവരടക്കം ഏകദേശം 160-ല്‍ അധികം സൈനികരാണ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ സേട്ടുക്കുന്ന്, അമ്മാറ, വൈത്തിരി, മക്കിമല തുടങ്ങിയ സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായ മാനന്തവാടി, പനമരം, കോട്ടത്തറ എന്നിവിടങ്ങളിലും ഇവര്‍ ഫയര്‍ഫോഴ്സിനും നാട്ടുകാര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇവര്‍ സഞ്ചരിക്കുന്ന, സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് തന്നെയാണ് പലപ്പോഴും വിശ്രമ സ്ഥലം. എങ്കിലും ആര്‍ക്കും പരാതികളില്ല. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ബസ് ഡ്രൈവര്‍ ജമാലുദ്ദീന്‍ ഇവര്‍ക്കൊപ്പം മുഴുവന്‍ സമയവുമുണ്ട്. സേനാംഗങ്ങള്‍ ബസുകളിലും ഇവരുടെ രക്ഷാ ഉപകരണങ്ങള്‍ ലോറിയിലുമാണ് ദുരന്തമുഖങ്ങളില്‍ എത്തിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍.