ശമനമില്ലാതെ തുടരുന്ന മഴയയെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവര്‍ 16,333 പേര്‍. ജില്ലയിലെ മൂന്നു താലൂക്കുകളിലായി സജ്ജമാക്കിയ 132 ക്യാമ്പുകളില്‍ 4,348 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കഴിയുന്നത്. വൈത്തിരി താലൂക്കില്‍ 63, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 11, മാനന്തവാടി താലൂക്കില്‍ 58 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ശക്തമായ മഴയെ തുടര്‍ന്നു മണ്ണിടിച്ചല്‍ ഭീഷണി രൂക്ഷമായി തുടരുന്ന വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കിയത്. മിക്ക ക്യാമ്പുകളും മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് രണ്ടാമതും തുറക്കുകയായിരുന്നു. കണക്കുതെറ്റി പെയ്ത പെരുമഴയില്‍ വയനാട് ജില്ല കടന്നുപോകുന്നതും സമാനതകളില്ലാത്ത ദുരിതക്കയത്തിലൂടെ. മഴയ്ക്കു ശമനമില്ലാതായതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദിവസങ്ങളായി അവധിയാണ്. ചൊവ്വാഴ്ച വൈകിട്ടു വരെ രേഖപ്പെടുത്തിയ 24 മണിക്കൂറില്‍ ശരാശരി 116.14 മില്ലിമീറ്റര്‍ മഴ ജില്ലയില്‍ പെയ്തു. വൈത്തിരി താലൂക്കില്‍ 164 മില്ലിമീറ്റര്‍, മാനന്തവാടി താലൂക്കില്‍ 96 മില്ലിമീറ്റര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 87.8 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴയുടെ അളവ്. വൈത്തിരി താലൂക്കില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴയാണ്. മണ്‍സൂണില്‍ ഇതുവരെ ജില്ലയില്‍ പെയ്തത് 2906.19 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഒരു വീട് ഭാഗികമായും നശിച്ചിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 538 ആയി. പൂര്‍ണ്ണമായി തകര്‍ന്നത് 226 വീടുകളുമുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ട് സംഭരണശേഷിയുടെ പൂര്‍ണ്ണതോതിലെത്തിയതോടെ നാലാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി. കാരാപ്പുഴ റിസര്‍വയോറില്‍ ഇന്നലെ വൈകിട്ടുവരെ രേഖപ്പെടുത്തിയ വെള്ളത്തിന്റെ അളവ് 758.2 എം.എസ്.എല്‍ ആണ്.
