മഴക്കെടുതിയിലെ ദുരിതം അതിജീവിക്കാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷനും അണിചേരും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവരുടെ ഒരാഴ്ച്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി അറിയിച്ചു. കൂടാതെ ജില്ലാ മിഷന്‍ ജീവനക്കാരും കുറഞ്ഞത് രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയവരെ സഹായിക്കുന്നതിനായി സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. റേഷന്‍ കാര്‍ഡടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കും. സി.ഡി.എസുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി ശുചീകരണ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവമാണ്.
ജില്ലയിലെ 96 സി ഡി എസുകളിലായി പ്രവര്‍ത്തിക്കുന്ന 22468 അയല്‍ക്കൂട്ടങ്ങള്‍ അവരുടെ ഒരാഴ്ച്ചത്തെ സമ്പാദ്യത്തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത് .സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ്, സി.ഡി.എസ് മെമ്പര്‍മാര്‍ എന്നിവരുള്‍പ്പെടെ ജില്ലയിലെ മൂന്ന് ലക്ഷത്തിലധികം വനിതകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ സ്വരൂപിച്ച 20000 രൂപ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് കൈമാറി. കുടുംബശ്രീ ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം, സൂക്ഷ്മ സംരംഭകര്‍ എന്നിവരും ധനസഹായം നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിക്കാനും അടിയന്തിര ആവശ്യങ്ങള്‍ മനസിലാക്കാനും കുടുംബശ്രീ സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക്കിലെ ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തകളിലും ദുരിതാശ്വാസഫണ്ട് ശേഖരിക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കുമെന്നും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
