സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട മേഖലയിൽ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ഇന്നും നാളെയും നടക്കും. ഹരിത കേരളം മിഷനും യു.എൻ.ഡി.പിയും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ശില്പശാല തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. നവകേരളം കർമ്മ പദ്ധതി  സംസ്ഥാന കോ-ഓർഡിനേറ്ററും  യു.എൻ.ഡി.പി IHRML പ്രോജെക്ട് സ്റ്റേറ്റ് ഡയറക്റ്ററുമായ ഡോ. ടി. എൻ. സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു.എൻ.ഡി.പി. ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തും. പദ്ധതിയുടെ കീഴിൽ വരുന്ന 11 ജില്ലകളിലെ പ്രാദേശിക പ്രതിനിധികൾ ശില്പശാലയുടെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളുൾപ്പെടുത്തിയുള്ള പ്രദർശനവും നടക്കും. ചീഫ് സെക്രട്ടറി വി. പി. ജോയി പ്രദർശനം ഉദ്ഘാടനം ചെയ്യും.ജൂൺ 30ന് ഉച്ചയ്ക്ക് 2.30ന് ശിൽപശാലയുടെ സമാപന സമ്മേളനം വനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.