രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിലോ വീടുകളിലോ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനായി കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയാണ് ‘നിഴൽ’. 112 എന്ന നമ്പറിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. മുതിർന്ന പൗരന്മാർക്കും ഈ സേവനം ലഭിക്കും. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സജ്ജമാക്കിയ ഈ സംവിധാനം അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നു.
രാത്രിസമയത്ത് അപ്രതീക്ഷിതമായി ഒറ്റപ്പെട്ടു പോകുമ്പോഴോ രാത്രി യാത്രയിൽ വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ 112ൽ വിളിച്ച് പോലീസ് സഹായം തേടാം. പ്രശ്‌നം പരിഹരിക്കുന്നത്തിന് ആവശ്യമായ ഇടപെടലുകളും പിന്തുണയും പോലീസ് ഉദ്യോഗസ്ഥർ ഉറപ്പാക്കും.
പോലീസ് ആസ്ഥാനത്ത് സജ്ജമാക്കിയ കമാൻഡ് സെന്ററിലാണ് ഫോൺ കോൾ ലഭിക്കുക. സഹായം അഭ്യർത്ഥിക്കുന്ന ആൾ നിൽക്കുന്ന സ്ഥലം സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്താൻ കഴിയുമെന്നതും പ്രത്യേകതയാണ്. അപകട സാഹചര്യങ്ങളിൽ സ്ഥലം വ്യക്തമാക്കാൻ കഴിയാതെ വന്നാലും ഇത് സഹായിക്കും. നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത അവസരത്തിൽ ഫോണിന്റെ പവർ ബട്ടൺ മൂന്നു തവണ അമർത്തിക്കൊണ്ടും നിഴൽ പദ്ധതി വഴി സഹായം അഭ്യർത്ഥിക്കാം. പാനിക് ബട്ടൺ അമർത്തുന്നതോടെ കമാൻഡ് സെന്ററിൽ അപകട സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥർ തിരിച്ചു വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതുകൂടാതെ 112 ഇന്ത്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയും സഹായം ആവശ്യപ്പെടാം.