പി എന്‍ പണിക്കര്‍ ദേശിയ വായന മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അടിമാലിയില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ക്വിസ് മത്സരം. അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ പ്രീത് ഭാസ്‌ക്കര്‍ നിര്‍വ്വഹിച്ചു. സാഹിത്യകാരനും പ്രഭാഷകനുമായ ജോസ് കോനാട്ട് പ്രശ്നോത്തരി നയിച്ചതിനൊപ്പം വായന സന്ദേശം നല്‍കി. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ തീര്‍ത്ഥ എസ് മണ്ണാളി ഒന്നാം സ്ഥാനവും തോക്കുപാറ ഗവണ്‍മെന്റ് യു പി എസിലെ ജോനാ എം സന്ദീപ് രണ്ടാം സ്ഥാനവും തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസിലെ ഹൃദു പി രാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ഈ മാസം പതിനഞ്ചിന് ഉപഹാരം സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് അടിമാലിയില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹയര്‍ സെക്കണ്ടറി വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിരുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിജയിക്ക് സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.