ഇടുക്കി മെഡിക്കല്‍ കോളജിന്റെ സുഗമ പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡിക്കല്‍ ഓഫീസര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം ആവശ്യമായ മുഴുവന്‍ ജീവനക്കാരെയും നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെ ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ആശുപത്രി വികസന സമിതിയുടെ (എച്ച്ഡിസി) മേല്‍നോട്ടത്തിലാകും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാവി വികസനം ആസൂത്രണം ചെയ്യുക. പുതിയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതിനു മുന്‍പായി ദൈനംദിന അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് സൗകര്യങ്ങള്‍ പൂര്‍ണമായി ഒരുക്കും. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം അടക്കം എച്ച്ഡിസിയുടെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് വളരെ കുറച്ചു കാലം മാത്രമാണ് ആയിട്ടുള്ളത്. ഒരു ഗ്രാമത്തിലാണ് ഇത്രയും വലിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. പുതിയ കെട്ടിടങ്ങള്‍ അടക്കം നിര്‍മിക്കേണ്ടതുണ്ട്. ഓണ്‍കോളജി, യൂറോളജി, കാര്‍ഡിയോളജി വിഭാഗങ്ങള്‍ ആരംഭിക്കണം. ഇതിനെല്ലാം കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക് ബ്ലോക്കുകളുടെ നിര്‍മ്മാണം, ഹോസ്പിറ്റല്‍ ഐ.പി-ഒപി ബ്ലോക്കുകളുടെ നിര്‍മ്മാണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. 80.88 കോടി രൂപയാണ് ഐ.പി-ഒ.പി – ഹോസ്പിറ്റല്‍ ബ്ലോക്കുകളുടെ നിര്‍മ്മാണത്തിനായി മാത്രം ചെലവഴിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഹോസ്റ്റലുകളുടേയും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി 74.63 കോടി രൂപയും ചെലവഴിച്ചു. അടുത്ത ഘട്ടമായി കോമ്പൗണ്ടിനുള്ളിലൂടെ ഉള്ള റോഡുകളുടെ നിര്‍മാണം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലൈബ്രറി, ലബോറട്ടറി കെട്ടിടങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

രാഷ്ട്രീയത്തിനതീതമായി ഇടുക്കിയോട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ജില്ലാ എല്‍ഡിഎഫ് നേതൃത്വവും കാണിച്ച താല്പര്യമാണ് ഇന്നത്തെ സാക്ഷാത്ക്കാരത്തിന് പിന്നിലുള്ളത്. മുന്‍ വൈദ്യുതി മന്ത്രി എം.എം മണി സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 10 കോടി രൂപ അനുവദിച്ച് വാങ്ങി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങളും മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലുകളും നിര്‍ണായകമായി. മുന്‍ കാലയളവില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത് എങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാനദണ്ഡ പ്രകാരം നൂറ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയാണ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്.

അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മുന്നൂറ് കിടക്കകളുള്ള ആശുപത്രി സൗകര്യം എന്നിവ പൂര്‍ത്തിയാക്കാനായി. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസസൗകര്യങ്ങള്‍ അവസാനഘട്ടത്തിലാണ്. ചുരുങ്ങിയ കാലംകൊണ്ട് മികച്ച മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളത്. കൂടുതല്‍ വിദഗ്ദ്ധ ചികിത്സാ വിഭാഗങ്ങള്‍, ലബോറട്ടറി സൗകര്യങ്ങള്‍ മതിയായ ജീവനക്കാര്‍ എന്നിവ സമയ ബന്ധിതമായി ഉറപ്പാക്കി ആരോഗ്യ രംഗത്ത് മികച്ച മുന്നേറ്റം കുറിക്കുവാന്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി റോഷി അഗസ്റ്റിനെ സിപിഎം ഇടുക്കി ജില്ലാ പ്രസിഡന്റും മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് പ്രതിനിധിയുമായ സി.വി. വര്‍ഗീസ് പൊന്നാടയണിച്ചു സ്വീകരിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തും മാലപ്പടക്കം പൊട്ടിച്ചുമാണ് സന്തോഷം പങ്കിട്ടത്.
ജില്ലാ പഞ്ചായത് പ്രസിഡണ്ട് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് പോള്‍, കടാശ്വാസ കമ്മീഷന്‍ അംഗം അഡ്വ. ജോസ് പാലത്തിനാല്‍, മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് പ്രതിനിധി ഷിജോ തടത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, രാജു കല്ലറക്കല്‍, അനില്‍ കൂവപ്ലാക്കല്‍, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, സജി തടത്തില്‍, സിജി ചാക്കോ, ജെയിന്‍ അഗസ്റ്റിന്‍, സണ്ണി ഇല്ലിക്കല്‍, സാജന്‍ കുന്നേല്‍, കെ. എം. ജലാലുദ്ധീന്‍, സി. എം. അസീസ് ജോസ് കുഴിക്കണ്ടം എന്നിവര്‍ പങ്കെടുത്തു.