കോട്ടയം: കുടുംബശ്രീ യുണിറ്റുകളുടെ നേതൃത്വത്തില്‍ കുമരകം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച രണ്ട് പുതിയ സംരംഭങ്ങള്‍ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന സംരംഭം ആരംഭിച്ച നിള യുണിറ്റും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ചു പേപ്പര്‍ ക്യാരിബാഗും മറ്റുത്പന്നങ്ങളും നിര്‍മിക്കുന്ന മയൂര യുണിറ്റുമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ യൂണിറ്റിലും അഞ്ച് പേരാണുള്ളത്. കുമരകം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ ചെലവിട്ടാണ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ ജോഷി, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.