“പോഷകബാല്യം കുട്ടികുരുന്നുകൾക്ക് ഇരട്ടികരുത്ത്” പദ്ധതിയുടെ കുമളി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പളിയകുടി ഇഡിസി കെട്ടിടത്തിൽ വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. സർക്കാരിന്റെ ഇച്ഛശക്തിയും ലക്ഷ്യബോധവുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ തുറന്നുകാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ ആരോഗ്യത്തോടെ വളർന്നാൽ മാത്രമേ രാജ്യത്തെ ശക്തമായി നയിക്കാൻ കഴിയുകയുള്ളുവെന്നും സമൂഹത്തിന്റെ ഉന്നമനത്തിനുള്ള പ്രവർത്തികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. ആരോഗ്യപരമായി കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന 61.5 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകാനാണ് തീരുമാനം.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ രജനി ബിജു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ നോളി ജോസഫ്, പഞ്ചായത്ത് അംഗം വിനോദ് ഗോപി, ഐസിഡിഎസ് സൂപ്പർവൈസർമാർ, ഊരു മൂപ്പൻ അരുവി, അങ്കണവടി അധ്യാപകർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു.