ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും വാര്‍ത്താവായന തുടങ്ങി. വായിക്കുന്നതാകട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളും ! . കളക് ട്രേറ്റ് ജീവനക്കാര്‍ അതിശയത്തോടെ കുട്ടികളുടെ ചുറ്റും കൂടി.വാര്‍ത്താവതരണം ദൃശ്യമാധ്യമങ്ങളിലേതുപോലെ തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചു. ഔദ്യോഗിക ഭാഷ മലയാള വാരാചരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വാര്‍ത്താ അവതരണ മത്സരമാണ് കൗതുകമായത്. ഭാവിയിലെ മാധ്യമ പ്രതിഭകളുടെ സംഗമവേദിയായി മത്സരം മാറി.
പത്രവായന സുപരിചിതമായ വിദ്യാര്‍ഥികള്‍ക്ക്  ദൃശ്യമാധ്യങ്ങളിലെ ഭാഷയും ശൈലിയും പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് ആവേശപൂര്‍വം പങ്കെടുത്തത്. വാര്‍ത്തയുടെ പ്രധാന തലക്കെട്ടുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തെറ്റുകൂടാതെ ദൃശ്യമാധ്യമ ശൈലിയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് വാര്‍ത്തകള്‍ വിശദമായി വായിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. അക്ഷര സ്ഫുടത, അവതരണ ശൈലി എന്നിവയിലെല്ലാം വിദ്യാര്‍ഥികള്‍ മികവു പുലര്‍ത്തി. വാര്‍ത്തയ്ക്കിടയില്‍ റിപ്പോര്‍ട്ടറോട് ലൈവായി ചോദിക്കുന്നതുപോലും വളരെ ആര്‍ജവത്തോടെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. പുറമറ്റം ഗവണ്‍മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  കെ കെ അഞ്ജലി  ഒന്നാം സ്ഥാനവും പത്തനംതിട്ട (തൈക്കാവ് ) ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അരുണ വി. നായര്‍ രണ്ടാം സ്ഥാനവും നേടി.
മാതൃഭൂമി ന്യൂസ് പത്തനംതിട്ട ബ്യൂറോ ചീഫ് പി.വിദ്യ മത്സരം നിയന്ത്രിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്‍ഡ് എഡിറ്റര്‍ പി ആര്‍ സാബു, അസിസ്റ്റന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി ശ്രീഷ്, ഐ ടി മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഉഷകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.