പ്രളയബാധിതമേഖലകളിൽ ആഗസ്റ്റ് 18ന് വ്യോമനിരീക്ഷണം നടത്തും
 
കൊച്ചിയിൽ ഉന്നതതല അവലോകന യോഗം ചേരും
സംസ്ഥാനത്തെ മഴക്കെടുതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. വെള്ളിയാഴ്ച രാത്രി 10.50നാണ് അദ്ദേഹം തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്.
ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ വി. മുരളീധരൻ, സുരേഷ്‌ഗോപി,  ഒ. രാജഗോപാൽ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, സതേൺ എയർ കമാൻറ് എയർ ഓഫീസർ കമാൻറിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ ക്യാപ്റ്റൻ പി.കെ. അവാസ്തി തുടങ്ങിയവർ സ്വീകരിക്കാനെത്തി.
കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ആഗസ്റ്റ് 18 ന് രാവിലെ 7.15ന് പ്രളയബാധിത മേഖലകളിലേക്ക് യാത്രതിരിക്കും.
7.55ന് ഐ. എൻ. എസ് ഗരുഡ നേവൽ എയർപോർട്ടിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങളുടെ വ്യോമനിരീക്ഷണം നടത്തും. തിരികെ 9.25ന് ഐ. എൻ. എസ് ഗരുഡയിൽ തിരിച്ചെത്തും. 9.30ന് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് നാവിക സേന വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും