വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി എം.എല്‍.എ പറഞ്ഞു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒരു കോടി ചെലവില്‍ നാല് ക്ലാസ് മുറികളടങ്ങിയ കെട്ടിട സമുച്ചയമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സബ് ജില്ല, സ്‌കൂള്‍ തലത്തിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് മുഖ്യാതിഥിയായി. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കല്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുധ കാപ്പില്‍, ബി.ആര്‍.സി.പന്തലായനി ബി.പി.സി യൂസഫ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ് മാസ്റ്റര്‍ കെ.സി.മുഹമ്മദ് ബഷീര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിബു ഇടവന നന്ദിയും പറഞ്ഞു.