ഗ്രാമീണ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാൻ മീങ്കുഴി വാട്ടർ റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. പയ്യന്നൂർ നഗരസഭയാണ് കാനായി മീങ്കുഴി അണക്കെട്ട് കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്.4.5 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മീങ്കുഴി ടൂറിസം പദ്ധതിയുടെ ഭാഗമായാണ് വാട്ടർ റിക്രിയേഷൻ സെന്റർ ഒരുക്കുന്നത്. അണക്കെട്ട് കേന്ദ്രീകരിച്ച് ജലവിനോദ പരിപാടികൾ, കുളങ്ങളുടെയും തടാകങ്ങളുടെയും നവീകരണം, കുട്ടികൾക്ക് നീന്തൽ പഠിക്കാനും നീന്തൽ മത്സരങ്ങൾ നടത്താനുമുള്ള സംവിധാനം, തടാകത്തിന് ചുറ്റും നടപ്പാത, ഇരിപ്പിടങ്ങൾ, പെഡൽബോട്ടിങ് എന്നിവയാണ് സജ്ജമാക്കുന്നത്. ഇതിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള(സിൽക്ക്)ക്കാണ് നിർമാണ ചുമതല. വണ്ണാത്തിപ്പുഴയും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തി നാല് ഘട്ടങ്ങളിലായാണ് ടൂറിസം പദ്ധതി നടപ്പാക്കുക. ശുദ്ധജലസ്രോതസ്സിനും ഗ്രാമീണ സൗന്ദര്യത്തിനും ഒട്ടും മങ്ങലേൽപ്പിക്കാതെയാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് നഗരസഭാധ്യക്ഷ കെ വി ലളിത പറഞ്ഞു.