കാട്ടാന പ്രതിരോധത്തിന് പാലക്കാട് ഡിവിഷന് രണ്ടു കോടിയും മണ്ണാര്‍ക്കാടിന് 1.5 കോടിയും നെന്മാറയ്ക്ക് 75 ലക്ഷവും നിലമ്പൂരിന് 1.25 കോടിയും ഉള്‍പ്പെടെ ആകെ ആറു കോടി രൂപയും നബാര്‍ഡ് സഹായത്തോടെ സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കാന്‍ അനുവദിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പാലക്കാട് റെയില്‍വേ കല്യാണമണ്ഡപത്തില്‍ നടന്ന വനം വകുപ്പ് ഈസ്റ്റേണ്‍ സര്‍ക്കിള്‍ തല ഫയല്‍ അദാലത്ത് ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അടുത്ത ഘട്ടത്തോടു കൂടി 50 ശതമാനം ഫയല്‍ തീര്‍പ്പാക്കല്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂമിയുടെ വന വിസ്തൃതി വര്‍ധിപ്പിച്ച് ആകെ 29.5 ശതമാനം സംരക്ഷണ ഭൂമിയില്‍ നിലനിര്‍ത്തിക്കൊണ്ട് കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫയല്‍ തീര്‍പ്പാക്കല്‍ ഭാഗമായി ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ പരിധിയിലെ ടെറിട്ടോറിയല്‍ ഡിവിഷനുകള്‍, വൈല്‍ഡ് ലൈഫ് ഡിവിഷനുകള്‍, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ഇന്‍സ്‌പെക്ഷന്‍ ഇവാല്വേഷന്‍ വിഭാഗം, വര്‍ക്കിങ് പ്ലാന്‍ ഡിവിഷന്‍ തുടങ്ങിയ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിലായി ആകെ 44,881 ഫയലുകളാണ് തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 26 നടന്ന അദാലത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ റൗണ്ട് പൂര്‍ത്തിയാക്കി 9756 ഫയലുകള്‍ തീര്‍പ്പാക്കി. ആകെ ഫയലുകളുടെ 21.75 ശതമാനമാണിത്. ബാക്കി ഫയലുകള്‍ രണ്ട് റൗണ്ട് കൂടി അദാലത്ത് നടത്തി പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വനംകുപ്പിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സജ്ജമാക്കിയ ഫോറസ്റ്റ് സര്‍ക്കിള്‍സ് പാലക്കാട് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് ആദ്യ പോസ്റ്റ് അപ്ലോഡ് ചെയ്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. പാലക്കാട്, മലപ്പുറം ജില്ലകളിലെ ഡിവിഷനുകളായ പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട്, സൈലന്റ് വാലി, നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്, പറമ്പിക്കുളം എന്നിവിടങ്ങളിലെ വന്യജീവി ആക്രമണത്തിന് ഇരയായ 118 ഉപഭോക്താക്കള്‍ക്ക് ആശ്വാസ ധനസഹായം 69 ലക്ഷം രൂപ മന്ത്രി അദാലത്തില്‍ വിതരണം ചെയ്തു.

പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനായി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ കെ. വിജയാനന്ദന്‍ ഐ.എഫ്.എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്., എം.എല്‍.എമാരായ കെ. ബാബു, കെ.ഡി. പ്രസേനന്‍, എന്‍. ഷംസുദ്ദീന്‍, തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍, ജില്ലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫീല്‍ഡ് ഡയറക്ടര്‍ പി. മുഹമ്മദ് ഷബാബ്, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.