നിലവില്‍ പട്ടിണിയില്ലെന്ന് പ്രദേശവാസികള്‍
നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന ഒറ്റപ്പെട്ട പോയ പ്രദേശത്തേയ്ക്ക്  130 ആര്‍.എ.എഫ്, 70 വോളണ്ടിയര്‍മാര്‍, 30 റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍ തലച്ചുമടായി എത്തിച്ചതായി  ചിറ്റൂര്‍ തഹസില്‍ദാര്‍ രമ അറിയിച്ചു.  നെന്മാറയില്‍ നിന്ന് ഏകദേശം പത്ത്് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം  കാല്‍നടയായും  നടന്നാണ് പ്രദേശത്ത് എത്തിയത്. പ്രദേശത്ത് ഭക്ഷണസാധനങ്ങള്‍ സുലഭമാണെന്നും പട്ടിണി ഇല്ലായെന്നും പ്രദേശവാസികള്‍ അറിയിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു. ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ പ്രദേശത്ത് തന്നെ പാകം ചെയ്ത് കഴിക്കുന്നുണ്ട്.  ആശങ്കപ്പെടാനില്ലായെന്നും ജനങ്ങള്‍ സുരക്ഷിതരാണെന്നും തഹസില്‍ദാര്‍ അറിയിച്ചു. ഇത്രയും തന്നെ ഭക്ഷ്യധാന്യങ്ങളുമായി രണ്ടാം സംഘം പുറപ്പെടാനിരിക്കെ മഴ ശക്തമായതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. ഇന്നും(ആഗസ്റ്റ് 20) ഇത്ര തന്നെ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ രണ്ട് ട്രിപ്പായി എത്തിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ പ്രദേശത്ത്് മൊബൈല്‍-വൈദ്യുതി ബന്ധം ഇല്ലായെന്ന പ്രശ്‌നം മാത്രമാണ് കാണുന്നതെന്നും തഹസില്‍ദാര്‍ അറിയിച്ചു.  അതിനുപുറമെ   കെ.ബാബു എം എല്‍ എയും ഗൈനക്കോളജിസ്റ്റ് ഡോ മിനി, ജന. മെഡിസിന്‍ ഡോ.അക്ഷര, ജന. ഇന്‍ഫെക്ഷന്‍ ഡോ. വിന്‍ഡീസ്, നഴ്‌സ് ജിംസി ജോയ്എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘവും ഉള്‍പ്പെട്ട, നെന്മാറ എന്‍.എസ്.എസ് ഗ്രൗണ്ടില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. തഹസില്‍ദാര്‍ വി കെ രമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ എന്നിവരാണ് ഹെലികോപ്റ്റര്‍ സന്നാഹങ്ങള്‍ക്കുളള സഹായ-സഹകരണങ്ങള്‍ നല്‍കിയത്.
കഴിഞ്ഞദിവസം (ആഗസ്റ്റ് 18-ന്)പൊലീസ്,. ആര്‍.എ.എഫ്, സന്നദ്ധസംഘടനകള്‍ അടക്കം എഴുപത് പേരടങ്ങടങ്ങുന്ന സംഘം കാല്‍നടയായും തലചുമടായും ഭക്ഷണം എത്തിച്ചിരുന്നു.  ഇവിടെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുളള കുടുംബങ്ങള്‍ക്കാണ് ഭക്ഷണവും മരുന്നും വിതരണം ചെയ്തത്. വടം കെട്ടിയും മറ്റുമാണ് രക്ഷാസംഘം പ്രദേശത്തെത്തിയത്. ബിസ്‌ക്കറ്റും പഴവും ഇഡലിയും, വെള്ളവും  മരുന്നും മറ്റുമടങ്ങിയ വസ്തുക്കളാണ് എത്തിച്ചത്.
നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ റോഡ് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ്  നെന്മാറ-പോത്തുണ്ടി-നെല്ലിയാമ്പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത്. നിലവില്‍ റവന്യൂ, പൊലീസ്, പി.ഡബ്ള്‍.യൂ.ഡി, ഫയര്‍ഫോഴ്‌സ്് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ എത്രയും പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പാറകള്‍ പൊട്ടിച്ചും കടപുഴകിയ മരങ്ങള്‍ അറുത്തുമാറ്റിയുമാണ് ഗതാഗതതടസ്സം മാറ്റിക്കൊണ്ടിരിക്കുന്നത്.  ആഗസ്റ്റ് 16ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നാണ് പ്രദേശത്തെ റോഡും പാലവും തകര്‍ന്നത്. അന്ന് മുതലെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയായിരുന്നു.