ആയുർവേദ പെരുമയോതി ഔഷധിയുടെ ഓണാഘോഷം

ഔഷധ സംസ്കാരം സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്നത് പ്രധാനമാണെന്ന് റവന്യൂമന്ത്രി കെ രാജൻ. ലളിതകലാ അക്കാദമിയിൽ ഔഷധിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഔഷധപൂക്കളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഔഷധി ഒരു സംസ്കാരത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഭാരതീയ ചികിത്സാ രീതികൾ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് ധാരണ ഉണ്ടാക്കാൻ ഇത്തരം ഇടപെടലുകളിലൂടെ സാധിക്കും. കൂടുതൽ ജനകീയമായി ഔഷധിയുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നത് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ഭീഷണിയിൽ മുങ്ങിപോയ രണ്ടര വർഷത്തിന് ശേഷം മനുഷ്യർക്ക് മുഖാമുഖം കാണാൻ കഴിയുന്ന ഒരു ഓണമാണ് ഇത്തവണത്തേത്. പ്രതിരോധ ശക്തിയുടെ പ്രാധാന്യം മനുഷ്യർ തിരിച്ചറിഞ്ഞ വർഷങ്ങൾ കൂടിയായിരുന്നു ആ സമയം. പ്രതിരോധശക്തി ഏറ്റവും കൂടുതൽ പ്രധാനം ചെയ്യുന്ന ആയുർവേദ മരുന്നുകൾ ഉപയോഗപ്പെടുത്തി പ്രതിരോധ ശക്തിയുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ ഔഷധിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണ മരുന്നു കമ്പനികളെ സംബന്ധിച്ച് വിൽപനയാണ് പ്രധാനം. പക്ഷെ ഔഷധി ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ല. പൂവിളികളുടെ, കർഷക ജീവിതത്തിന്റെ, സമത്വ സുന്ദര കാലത്തിന്റെ പ്രതീകമായ ഓണത്തിന്റെ സംസ്കാരത്തെ കൂടി ഔഷധി പ്രതിനിധാനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. ഈ ഓണാഘോഷത്തിനിടെ
താൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പൂക്കളം ഔഷധിയുടെതാണെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബർ 6 വരെ നീളുന്ന ഔഷധിയുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പറ നിറച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഔഷധിയുടെ സന്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഓണാഘോഷം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ആയുർവേദത്തിന്റെ സാധ്യത പ്രദർശിപ്പിച്ചിട്ടുള്ള ഔഷധിമാൻ ഇൻസ്റ്റലേഷൻ ഭാരതീയ ചികിത്സാ രീതികൾ സംബന്ധിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിക്കും. വിപുലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഔഷധിക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. വിഭാഗീയതയെല്ലാം മറന്ന് ഒറ്റക്കെട്ടായി ഏക മനസോടെയാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ചേരിതിരിവ് മാറ്റിവെച്ച് സമത്വ സുന്ദരമായ മാതൃകാ സമൂഹം കെട്ടിപ്പെടുക്കുക എന്നതാണ് ഓണം മുന്നോട്ടു വെയ്ക്കുന്ന ഐതിഹ്യം. ഓണത്തിന്റെ സന്ദേശത്തിന് കൂടുതൽ മാറ്റേകുകയാണ് ഔഷധിയുടെ ഓണാഘോഷമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഔഷധ പൂക്കളവും ഔഷധി ഉല്പന്നങ്ങൾ കൊണ്ടുള്ള ഇൻസ്റ്റലേഷനും ഒരുക്കിയാണ് ഔഷധി ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് നിറച്ചാർത്ത് പകർന്നത്. ഔഷധി ഉല്പാദിപ്പിക്കുന്ന മരുന്നുകൾക്കായി ഉപയോഗപ്പെടുത്തുന്ന ഇലകൾ, പൂവുകൾ, മൊട്ടുകൾ എന്നിവ കൊണ്ടുള്ള ഔഷധപ്പൂക്കളമാണ് ലളിതകലാ അക്കാദമിയിൽ ഒരുക്കിയത്. ഔഷധിയുടെ വിവിധ മരുന്നുകളുടെ ലേബലുകൾ സമന്വയിപ്പിച്ച് നിർമ്മിച്ച “ദി ഔഷധിമാൻ” എന്ന ഇൻസ്റ്റലേഷനും ശ്രദ്ധേയമായി.

“ഒന്നാകാൻ ഓണം; ഒന്നാമതാകാൻ ഔഷധി’ എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന പൂക്കളവും ഇൻസ്റ്റലേഷനും ഔഷധിയുടെ പാരമ്പര്യത്തിന്റെയും വിശ്വസ്തതയുടെയും പ്രതിഫലനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടനല്ലൂരിലെ ഔഷധി ആസ്ഥാനത്ത് സെപ്റ്റംബർ 6ന് പഞ്ചഗവ്യം ഉപയോഗിച്ച് മരയോണം സംഘടിപ്പിക്കുന്നതായും ചെയർപേഴ്സൺ അറിയിച്ചു.

ലളിതകലാ അക്കാദമിയിൽ ഔഷധപൂക്കളത്തിന്റെയും ഇൻസ്റ്റലേഷന്റെയും പ്രദർശനവും ഒരുക്കിയിരുന്നു. കോർപ്പറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ഡോ.ഹൃദിക്, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിന്റെ ഭാഗമായി.