വിവാദങ്ങളിലല്ല, ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും നാടിനെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും. ഒറ്റക്കെട്ടായിനിന്ന് നേരിടേണ്ട ദുരന്തമാണിത്. അത്തരത്തില്‍ ജനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപിച്ചുകൊണ്ടുള്ള നമ്മുടെ നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്തരുത്. ആ നിലയില്‍ മുന്നോട്ടുപോകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ജനങ്ങളുടെ പ്രശ്‌നങ്ങളാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയപാര്‍ടികളില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള യോജിപ്പാണ് നമ്മുടെ അതിജീവനത്തിന്റെ മാര്‍ഗം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും വഴങ്ങിക്കൂടാ. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടുപോകാം. ഇത് തര്‍ക്കങ്ങളുടെയല്ല, യോജിപ്പിന്റെയും കൂട്ടായ്മയുടെയും സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.