ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ വിപുലമായ ശുചീകരണം നടത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രളയ ബാധിത മേഖലയിലെ ശുചീകരണം ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പൊതുകിണറുകള്‍ എത്രയും വേഗം മോട്ടോര്‍ ഉപയോഗിച്ചു വറ്റിച്ച് ശുചീകരണം നടത്തണം. പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കണം. വീടുകളിലെ കിണറുകള്‍ ശുചീകരിക്കുന്നതിന് സംവിധാനം ഒരുക്കണം. കിണറുകള്‍ ശുചീകരിക്കുന്ന സംവിധാനങ്ങള്‍ യഥാസമയം പഞ്ചായത്തുകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. ഇതിനു പുറമേ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള സഹായം നല്‍കണം.
പ്രളയത്തെ തുടര്‍ന്ന് വലിയ തോതില്‍ മാലിന്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വീടുകളില്‍ ഉണ്ടായിട്ടുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിലെ ഒരു സ്ഥലത്ത് സൂക്ഷിക്കണം. തുടര്‍ന്ന് മാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം ഇതു നിര്‍മാര്‍ജനം ചെയ്യണം. കക്കൂസുകള്‍ എല്ലാം തകരാറിലായിട്ടുണ്ട്. കക്കൂസുകള്‍ ശുചീകരിക്കുന്നതിന് നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെയും ബന്ധപ്പെട്ട കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.