മുറ്റത്തുണ്ട് ഓണപ്പൂക്കളവും ഊഞ്ഞാലാടി രസിക്കുന്ന കുട്ടികളും. രണ്ടു പായസം ഉള്‍പ്പടെ ഇലയിട്ട് വിഭവസമൃദ്ധമായ സദ്യ. തിരുവോണ ദിനത്തില്‍ ഓച്ചിറ സര്‍ക്കാര്‍  ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കടന്ന് വന്ന ഒരാളിനും അത് ഒരു ദുരിതാശ്വാസ ക്യാമ്പാണെന്ന തോന്നലുണ്ടായില്ല. കുട്ടനാട്ടിലേയും പാണ്ടനാട്ടിലേയും ചെങ്ങന്നൂരിലേയും പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ കുടുംബങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെ കാണാനായത്.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും കുടുംബവും ആര്‍. രാമചന്ദ്രന്‍ എം. എല്‍. എയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും സദ്യവിളമ്പാനും ഒപ്പമിരുന്ന് കഴിക്കാനുമെത്തിയത് ക്യാമ്പ് അംഗങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭവമായി.
സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റെയും മതനിരപേക്ഷതയുടേയും പുതിയ മാതൃകയാണ് ഓച്ചിറ നല്‍കുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംഘടനകളും വ്യക്തികളും അടക്കം വിവിധ സഹായങ്ങളുമായി എത്തിയവരെ ഇവിടെ കാണാനായി. സമ്പാദ്യങ്ങള്‍ ഏതുമില്ലാതെ ദുരിതത്തിലായവര്‍ അരിയും പലവ്യഞ്ജനവും തുണിയും വീട്ടുപകരണങ്ങളും മറ്റു അവശ്യവസ്തുക്കളുമായാണ് ഇവിടെ നിന്ന് മടങ്ങിപ്പോവുകയെന്നും മന്ത്രി പറഞ്ഞു.
തഹസില്‍ദാര്‍ സാജിതാ ബീഗം, പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ ചന്ദ്രശേഖര പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 52 കുടുംബങ്ങളിലെ 174 പേരാണ് നിലവില്‍ ക്യാമ്പിലുളളത്.