മീനങ്ങാടി: തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് ആശ്വാസമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഓണസമ്മാനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് 1,000 രൂപ വീതം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പാരിതോഷികമായാണ് ഓണത്തിന് പണം നല്‍കിയത്. കനത്ത മഴ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഇതില്‍ അടിതെറ്റിയ കുടുംബങ്ങള്‍ക്ക് ഓണസമ്മാനം ചെറിയൊരാശ്വാസമായി. കാര്‍ബണ്‍ തുലിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ‘മണ്ണറിഞ്ഞ് മനം നിറഞ്ഞ് പ്രകൃതിയോടൊപ്പം” എന്ന സുസ്ഥിര വികസന പദ്ധതിയിലൂടെയാണ് 1,062 കുടുംബങ്ങള്‍ക്ക് വനവല്‍ക്കരണ, മണ്ണ്- ജല സംരക്ഷണ പ്രവൃത്തികളിലൂടെ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള ചെക്ക് കനറാ ബാങ്ക് മീനങ്ങാടി ശാഖാ മാനേജര്‍ രോഹിത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ കൈമാറി.
