ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കൈനകരിയിലെ വെള്ളം കയറിയ വീടും കടയും ശുചീകരിക്കുന്നതിന് നേതൃത്വം നൽകി. ശുചീകരണ ഉപകരണങ്ങളുപയോഗിച്ചാണ് മന്ത്രി കൈനകരിയിലെ വീട് ശുചീകരണത്തിന് തുടക്കമിട്ടത്. കൈതവനത്തറ ജയപ്രകാശിന്റെ വീടാണ് മന്ത്രിയുടെ നേതൃത്വത്തിൽ ശുചിയാക്കിയത്. വീട്ടുകാരിയായ സരളയും മന്ത്രിക്കൊപ്പം കൂടി .കൈനകരിയിലെ ഈ വീട്ടിൽ വെള്ളം കയറിയിട്ട് 12 ദിവസമായി. കുടുംബാംഗങ്ങളിൽ മറ്റുള്ളവർ ഇപ്പോഴും ക്യാമ്പിലാണ് താമസം. കപ്പക്കട ജ്യോതിനികേതൻ ക്യാമ്പിലാണ് ഇവരുടെ താമസം. തുടർന്ന് സമീപത്ത് പ്രവർത്തിച്ചിരുന്ന ആറ്റുവള്ളം കയറിയ കടയും മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.സർക്കാർ ശുചീകരണത്തിനായി നൽകിയ കിറ്റിൽ നിന്ന് ഫിനോയിൽ ഉൾപ്പെടെ ഒഴിച്ച് ശുചിയാക്കിയാണ് അദ്ദേഹം മടങ്ങിയത്.