കല്‍പ്പറ്റ: പ്രളയം തകര്‍ത്തെറിഞ്ഞ അക്ഷരങ്ങളും പുസ്തകതാളുകളും കോര്‍ത്തെടുത്ത് കുട്ടികള്‍ ബുധനാഴ്ച വീണ്ടും വിദ്യാലയങ്ങളിലേക്ക്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഒഴികെയുള്ളവ ബുധനാഴ്ച തുറക്കും. മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച ചിലയിടങ്ങളില്‍ താല്‍ക്കാലിക സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കല്‍പ്പറ്റ കുറിച്യര്‍മല ഗവ. എല്‍.പി സ്‌കൂളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ 18 സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. മാനന്തവാടി താലൂക്കില്‍ – സെന്റ് പാട്രിക്‌സ് സ്‌കൂള്‍, പിലാക്കാവ് സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂള്‍, തിരുനെല്ലി ആശ്രമം സ്‌കൂള്‍, ജി.എല്‍.പി.എസ് പനമരം, ആറാട്ടുതറ ജി.എച്ച്.എസ്, ആലാറ്റില്‍ നിര്‍മല എല്‍.പി സ്‌കൂള്‍, കുസുമഗിരി എല്‍.പി.എസ്, മക്കിമല യു.പി.എസ്, തലപ്പുഴ ജി.യു.പി.എസ്, കോറോം ജി.എല്‍.പി.എസ്, തൃശ്ശിലേരി ജി.എച്ച്.എസ്.എസ്. വൈത്തിരി താലൂക്കില്‍ – മുണ്ടേരി ജി.വി.എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് ലക്കിടി, കുന്നത്തിടവക എച്ച്.ഐ.എം യുപി സ്‌കൂള്‍, ഏകലവ്യ എല്‍.പി.എസ്, തെങ്ങുമുണ്ട എല്‍.പി.എസ്, അച്ചൂരാനം ഗവ. എല്‍പി സ്‌കൂള്‍, കാടാശ്ശേരി ട്രൈബല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നായി കുട്ടികള്‍ക്ക് നിരവധി സഹായങ്ങളും എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ വിവിധ അദ്ധ്യാപക – വിദ്യാര്‍ത്ഥി സംഘടനകളും പഠനസാമഗ്രികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പാഠഭാഗങ്ങള്‍ എഴുതിനല്‍കി കുട്ടികളെ സഹായിക്കാന്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയും രംഗത്തുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കണക്ക് അദ്ധ്യാപക സംഘടനകള്‍ ശേഖരിച്ചു വരുന്നു. നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെ.എസ്.ടി.എ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികള്‍ ശേഖരിച്ച പഠനോപകരണങ്ങള്‍ ജില്ലയിലെത്തി. ഇതു കിറ്റുകളാക്കിയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക. ബാഗ്, കുട, നോട്ട് പുസ്തകങ്ങള്‍, പെന്‍സില്‍, പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ ആവശ്യാനുസരണം കിറ്റില്‍ ഉള്‍പ്പെടുത്തും. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും വീടുകളില്‍ തിരിച്ചെത്തിയവര്‍ക്കും മാനസിക പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചുവരികയാണ്.
