പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി
ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം കൂടി കൈമാറാന്‍ നടപടി. വരന്തരപ്പിള്ളി പഞ്ചായത്ത് നടാംപാടം കള്ളിച്ചിത്ര കോളനി വാസികള്‍ക്കാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ഹമായ പകരംഭൂമി പൂര്‍ണമായി ലഭിക്കുന്നത്.
ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നല്‍കാനാണ് ഇപ്പോള്‍ നടപടിയായത്. മൂപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് വാങ്ങി നല്‍കിയ ഏഴര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കുടുംബങ്ങള്‍ക്ക് കരാര്‍ പ്രകാരം നല്‍കാനള്ള മുഴുവന്‍ ഭൂമിയും ഇതോടെ ലഭിക്കും.
സ്ഥലം ഏറ്റെടുത്ത് നല്‍കുന്ന മുപ്ലിയം പുളിയാനിക്കുന്ന് പ്രദേശം മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച ശേഷം മുപ്ലിയം വിമല്‍ ജ്യോതി കോളനി നിവാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് മൂന്നു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരമായത്. സ്ഥലം ലഭിക്കുന്ന കുടുംബങ്ങളുമായി സംസാരിച്ച മന്ത്രിമാര്‍ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്നും ഉറപ്പു നല്‍കി. കെ കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
36 വര്‍ഷമായി നിലനില്‍ക്കുന്ന പുനരധിവാസ പ്രശ്‌നത്തിന് പരിഹാരം കാണാനായത് അഭിമാനകരമായ കാര്യമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഭൂമി ലഭിക്കുന്ന കുടുംബങ്ങള്‍ക്കുള്ള വീട്, സ്ഥലത്തേയ്ക്കുള്ള വഴി, കുടിവെള്ള സംവിധാനം തുടങ്ങി കോളനി നിവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മികച്ച സൗകര്യങ്ങളോടെയുള്ള വീടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തിലാക്കും. ഇവിടെ ചെറിയ പ്രദേശത്തുള്ള പാറ പൊട്ടിച്ച് വീട് പണിക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും. പാറ നില്‍ക്കുന്ന ഈ സ്ഥലം പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്ത് പൊതുകുളം നിര്‍മ്മിക്കും. പൊതുകിണര്‍ നിര്‍മ്മിച്ച് കുടിവെള്ള വിതരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിന് ഭൂമി കൈമാറി കിട്ടുന്ന മുറയ്ക്ക് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കുന്നതിനായി വീട്, വഴി തുടങ്ങി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കുന്നതിന് അടുത്ത ശനിയാഴ്ചയ്ക്കകം പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പുനരധിവാസ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രദേശത്തെ വെള്ളക്കെട്ട് ഉണ്ടാവാനുള്ള സാധ്യത ഒഴിവാക്കാന്‍ ശരിയായി രീതിയില്‍ ചാല് നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിനായി മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ ജില്ലാ കലക്ടര്‍ വഹിച്ച നേതൃത്വപരമായ പങ്ക് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഭൂമി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്ന് കെ കെ രാമചന്ദ്രന്‍ എം എല്‍ എ പറഞ്ഞു. പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഡയറക്ടറും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗം വിജിത ശിവദാസന്‍, അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത് അംഗം പി കെ ശേഖരന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായപി എ വിഭൂഷണന്‍, യമുന ദേവി, ചാലക്കുടി തഹസില്‍ദാര്‍ ഇ എന്‍, രാജു, എല്‍എ തഹസില്‍ദാര്‍ വി ബി ജ്യോതി, അഡീഷണല്‍ തഹസില്‍ദാര്‍മാരായ എന്‍ അശോക് കുമാര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ ജി മനോജ്, കള്ളിച്ചിത്ര കോളനി മൂപ്പന്‍ ഗോപാലന്‍, കോളനി നിവാസികളായ പുഷ്പന്‍, വാസു തുടങ്ങിയവര്‍ സംസാരിച്ചു.