ഇടുക്കി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ള ആളുകൾക്ക് അവബോധം നൽകുന്നതിനായി ആശാ, കുടുംബശ്രീ പ്രവർത്തകർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ബാംഗ്ലൂർ നിംഹാൻസിലെ സൈക്കാട്രിക് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്ത കൗൺസിലർമാരും സോഷ്യൽ വർക്കർമാരും ചേർന്ന സംഘമാണ് ഇടുക്കി ജില്ലയിലെ 12 ദുരിതബാധിത മേഖലകളിലായി ക്ലാസുകൾ നടത്തിയത്. ജില്ലയിലെ ഉരുൾപൊട്ടലും പ്രളയവും കൂടുതൽ ബാധിച്ച മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി, ദേവികുളം, ബൈസൺവാലി, കഞ്ഞിക്കുഴി, വണ്ണപ്പുറം, അറക്കുളം, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ, ഉപ്പുതറ, മുട്ടം എന്നിവിടങ്ങളിലാണ് അവബോധ ക്ലാസുകൾ സംഘടിപ്പിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ കൗൺസിലർമാർ സോഷ്യൽ വർക്കർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേരിട്ട് പ്രളയബാധിതരായ ആളുകളെയും കുട്ടികളെയും കണ്ടെത്തി അവരുടെ മാനസിക പ്രശ്നങ്ങൾ തരണം ചെയ്യുവാനും അവർക്ക് മാനസിക ഉല്ലാസം നൽകുവാനും സഹായിക്കും.
