മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മല ചവിട്ടുന്ന അയ്യപ്പന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി). പമ്പ മുതല്‍ സന്നിധാനം വരെയും വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും 17 ഇ.എം.സി സെന്ററുകളാണ് പ്രവര്‍ത്തനം നടത്തുന്നത്.

സന്നിധാനത്ത് മാത്രം നാല് പ്രധാന ആശുപത്രികള്‍ക്ക് പുറമേ വിവിധ ഇടങ്ങളിലായി മൂന്ന് ഇ.എം.സികളും പ്രവര്‍ത്തിക്കുന്നു.ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഇ.എം.സി സെന്ററുകളില്‍ നിന്നും നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നവരെ സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്കും തുടര്‍ ചികിത്സ ആവശ്യമായി വരുന്ന പക്ഷം പമ്പ ആശുപത്രിയിലേക്കും മാറ്റുന്ന രീതിയാണ് ഇഎംസി സെന്ററുകളില്‍ നടക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ്, ഫസ്റ്റ് എയ്ഡ്, മുറിവുകള്‍ ഡ്രസ്സിംഗ്, ബി.പി, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ട എല്ലാ സജ്ജീകരണങ്ങളും കേന്ദ്രങ്ങളില്‍ സജ്ജമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സെന്ററില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജനറല്‍ നഴ്‌സിംഗ് മെഡിസിന്‍ പൂര്‍ത്തിയാക്കിയ നാല് ജീവനക്കാരുടെ സേവനം ലഭ്യമാണ്. ഇതിന് പുറമെ കേരളത്തിലെ വിവിധ നേഴ്‌സിങ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് അടിസ്ഥാനത്തില്‍ 10 ദിവസത്തെ സേവനം വിവിധ ഇ.എം.സി സെന്ററുകളില്‍ നടത്തുന്നു.