കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം ഉൾപ്പടെ ചൊവ്വാഴ്ച രാജ്യാന്തര മേളയിലെത്തുന്നത്  66 ചിത്രങ്ങൾ. മത്സര ചിത്രങ്ങളായ കെർ, എ പ്ലേസ് ഓഫ് അവർ ഓൺ എന്നിവയുടെ ആദ്യ പ്രദർശനവും ക്ളോണ്ടൈക്ക് ,ഹൂപ്പോ എന്നിവയുടെ അവസാന  പ്രദർശനവും ചൊവ്വാഴ്ച ഉണ്ടാകും .11 മത്സര ചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദർശിപ്പിക്കുക.

നൈറ്റ് ക്ലബ്ബിൽ ഡ്രാഗ് ക്വീനായ യുവാവ് തന്റെ ജോലി മാന്യമാണെന്ന് ഭാര്യയെ വിശ്വസിപ്പിക്കാൻ നടത്തുന്ന ശ്രമം പ്രമേയമാക്കിയ സൗത്ത് ആഫ്രിക്കൻ ചിത്രം സ്റ്റാൻഡ് ഔട്ട്, ഇരട്ട സഹോദരന്മാരായ ബഹിരാകാശ യാത്രികരിലൊരാളുടെ ജീവിതത്തിലെ വിചിത്രസംഭവങ്ങൾ ചിത്രീകരിച്ച ഫ്രഞ്ച് ചിത്രം ട്രോപ്പിക്, സൈക്കോളജിക്കൽ ത്രില്ലർ ബറീഡ് , മിയ ഹാൻസെൻ ലൗ ചിത്രം വൺ ഫൈൻ മോർണിംഗ് തുടങ്ങിയ 20 ചിത്രങ്ങളാണ് ചൊവ്വാഴ്ച ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ബേലാ താറിന്റെ വെർക്‌മെയ്‌സ്റ്റർ ഹാർമണീസ്, ജോണി ബെസ്റ്റ്  തത്സമയ സംഗീതമൊരുക്കുന്ന ഫാന്റം ക്യാരിയേജ് , സെർബിയൻ ചിത്രം ഫാദർ എന്നിവയുടെ പ്രദർശനവും നാളെ (ചൊവ്വ )നടക്കും.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് , നൻപകൽ നേരത്തു  മയക്കം എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനം ഉൾപ്പെടെ പത്തു മലയാള ചിത്രങ്ങളാണ് നാളെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്  . ഫ്രീഡം ഫൈറ്റ്, പട, നോർമൽ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. അന്തരിച്ച എഴുത്തുകാരൻ ടി പി രാജീവന് പ്രണാമം അർപ്പിച്ചു കൊണ്ട് ഹോമേജ് വിഭാഗത്തിൽ  പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥയുടെ പ്രദർശനവും നാളെ ഉണ്ടാകും.