കാക്കനാട്: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1,18,801 കിറ്റുകള്‍  വിതരണം ചെയ്തു.
ഇന്നലെ (01.09.18) മാത്രം 32062 കിറ്റുകളാണ് വിതരണം ചെയ്തത്. അഞ്ച് കിലോ അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, ഡിറ്റര്‍ജന്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയടങ്ങിയതാണ് ഒരു കുടുംബത്തിനുള്ള കിറ്റ്. സംസ്ഥാനത്തിനകത്തു നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ കളക്ഷന്‍ സെന്ററുകളില്‍ ലഭിച്ച വസ്തുക്കളും മറ്റുമാണ് കിറ്റുകളായി വിതരണം നടത്തുന്നത്. അരിയും മറ്റ് അവശ്യസാധനങ്ങള്‍ക്കും പുറമേ കവര്‍ നിറയെ പച്ചക്കറിയുമായാണ് ഓരോ കിറ്റും ഭവനങ്ങളില്‍ എത്തുന്നത്. ഉരുളക്കിഴങ്ങ്, സവാള, ചെറുഉള്ളി, തക്കാളി എന്നിവ അടങ്ങിയതാണ് പച്ചക്കറി കൂട്.
രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തുന്ന വസ്തുക്കള്‍ ഒരു കുടുംബത്തിലേക്ക് ഉള്ള കിറ്റായി മാറുന്നതിന് പിന്നില്‍ വലിയ പ്രയത്‌നമാണുള്ളത്. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങലിലേക്ക് സെന്ററുകളിലേക്ക് വലിയ ലോറികളില്‍ സാധനങ്ങള്‍ എത്തുന്നതു മുതലാണ് കിറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ലോറിയില്‍ വരുന്ന വിവിധ വസ്തുക്കള്‍ തരംതിരിച്ച് ഇറക്കിവെക്കുകയും പിന്നീട് അവ നിശ്ചിത അളവുകളിലുള്ള പാക്കറ്റുകള്‍ ആക്കുകയും ചെയ്യുന്നു. നിശ്ചിത അളവിലുള്ള ഈ പാക്കറ്റുകള്‍ എല്ലാം ഒരു കിറ്റായി വിതരണത്തിന് തയാറാകുന്നു. അത്രയെളുപ്പമല്ല ഈ പ്രക്രിയ. കൃത്യമായ ആസൂത്രണവും വലിയ കായികാധ്വാനവും ഈ പ്രക്രിയയ്ക്ക് വേണ്ടിവരുന്നു. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഹോരാത്ര പരിശ്രമം ഇതിനുപിന്നിലുണ്ട്. കഴിഞ്ഞ മാസം 21നാണ് തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് സമാന കേന്ദ്രങ്ങള്‍ കാക്കനാട് കെ.ബി.പി.എ സ്, കളക്ടറേറ് പാര്‍ക്കിംഗ് ഏരിയ, കളമശ്ശേരി എന്നിവിടങ്ങളില്‍ ആരംഭിക്കുകയായിരുന്നു. നൂറുകണക്കിനാളുകളാണ് ഈ കേന്ദ്രങ്ങളില്‍ കിറ്റ് തയാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെയും മൂന്നു മുതല്‍ രാത്രി എട്ടുവരെയും രണ്ടു ഷിഫ്റ്റുകളിലായാണ് ഇവ തയ്യാറാക്കുന്നത്. 1 0 7 7, 7 9 0 2 2 0 0 3 0 0 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെട്ട് സന്നദ്ധ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം.
വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികളും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരും ഐ.സി.ഡി.എസ്.പ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനകളും ആദ്യ ഘട്ടം മുതല്‍ സേവന രംഗത്തുണ്ട്. ഇവരുടെ നിശബ്ദ സേവനങ്ങള്‍ക്ക് ഇടയിലേക്ക് ആരവമുയര്‍ത്തി  പോലീസ് സേനാംഗങ്ങള്‍ കടന്നുവന്നു. പാലക്കാട് കേന്ദ്രീകരിച്ചുള്ള രണ്ടാം കേരള പോലീസ് ബറ്റാലിയനും മലപ്പുറം കേന്ദ്രീകരിച്ചുള്ള മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അംഗങ്ങളുമാണ് വിവിധ കേന്ദ്രങ്ങളില്‍ സജീവമാകുന്നത്. രാവിലെ എട്ടുമണി മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ രണ്ടു മണി വരെ ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതോടെ കിറ്റ് നിര്‍മ്മാണം റെക്കോര്‍ഡ് വേഗതയിലായി.  തൃക്കാക്കരയിലേയും കളക്ടറേറ്റിലും സംഭരണ കേന്ദ്രങ്ങളിലെ കയറ്റിറക്ക് പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും ഇവര്‍ ഏറ്റെടുത്തു. കൂടാതെ തരംതിരിക്കല്‍ പ്രവര്‍ത്തനങ്ങളിലും പാക്കറ്റ് ആക്കുന്നതിലും പങ്കെടുക്കുന്നു. ഒരു ലോറിയിലെ വസ്തുക്കള്‍ ഇറക്കി തരംതിരിച്ച് കെട്ടുകളാക്കി മറ്റൊരു ലോറിയില്‍ കയറ്റി റെക്കോര്‍ഡ് വേഗത്തില്‍ ഒരു ടാസ്‌ക്ക് തീര്‍ക്കുന്നവര്‍ സംഘടിച്ച് പുഷ് അപ്പ് ചെയ്തും കൈകൊട്ടിയും സ്വയം ഊര്‍ജിതരാക്കുകയും മറ്റുള്ളവരിലേക്ക് ആവേശം പകരുകയും ചെയ്യുന്നു. സ്വയം സന്നദ്ധരായി പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന പോലീസ് സേനാംഗങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്ന് കളക്ടറേറ്റിലെ വിതരണ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ബാലകൃഷ്ണനെയും സി.എസ് ബിജുവിനെയും നേതൃത്വത്തിലാണ് പാലക്കാട് ബെറ്റാലിയന്റ പ്രവര്‍ത്തനം. 250 പേരാണ് ഈ സംഘത്തിലുള്ളത് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് സംഘത്തില്‍ 140 പേരും. ഒരു ദിവസം ശരാശരി 8000 കിറ്റുകളാണ് പോലീസ് സേനാംഗങ്ങള്‍ തയ്യാറാക്കുന്നത്. കിറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സാന്നിധ്യം വിപ്ലവകരമായ മാറ്റമാണ് വരുത്തിയത്.
കിറ്റുകളുടെ വിതരണം ആദ്യഘട്ടത്തില്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു. ഭൂരിഭാഗം  ക്യാമ്പുകളും നിര്‍ത്തുകയും ആളുകള്‍ വീടുകളില്‍ എത്തിയതിനാലും ഇന്നലെ മുതല്‍ വിതരണം വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള കിറ്റുകളുടെ സജ്ജീകരണവും വിതരണവും വിവിധ കേന്ദ്രങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ്.