വിഭവസമാഹാരണത്തിനായി നവകേരള ലോട്ടറി ആരംഭിച്ചു

ആലപ്പുഴ: കേരളത്തെ പുനർനിർമിക്കാൻ 30,0000 കോടി വേണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയാനന്തര പുനർനിർമാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷനായി.
തകർന്ന പാലങ്ങൾ,കെട്ടിടങ്ങൾ, ബണ്ടുകൾ,നഷ്ടപരിഹാരം, വീട്, കൃഷി , ദുരിതാശ്വാസ പ്രവർത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഉപജീവനസഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതിൽ 4000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങൾക്കും ഉപയോഗിക്കേണ്ടി വരുമ്പോൾ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. 6000 കോടി സംസ്ഥാന സർക്കാർ നാനാവിധ മാധ്യമങ്ങളിലൂടെ വേണം കണ്ടെത്താൻ. അതിനാണ് ലോട്ടറി പോലെയുള്ള ധനസമാഹരണം സർക്കാർ ആരംഭിച്ചത്. ഇതൊരു ഭാഗ്യ പരീക്ഷണമായി കാണേണ്ടന്നും കേരളീയ പൗരന്റെ സംഭാവനയായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത സമയത്ത് ലോകം മുഴുവനും മലയാളികളെ സഹായിച്ചിരുന്നുവെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കൈനകരി പോലെ ഇപ്പോഴും വെള്ളമിറങ്ങാത്ത പ്രദേശങ്ങളിൽ അടിയന്തിരമായി പമ്പിങ് നടക്കുകയാണ്.ഒരാഴ്ചയ്ക്കകം വെള്ളം പമ്പുചെയ്തുകളയാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി്ത്തല ഏറ്റുവാങ്ങി. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ ആദ്യ വിൽപ്പന നടത്തി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എം.അഞ്ജന , ജി്ല്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജോയിന്റ് ഡയറക്ടർ ജി.ഗീതാദേവി എന്നിവർ പ്രസംഗിച്ചു.

എന്താണ് നവകേരളാ ഭാഗ്യക്കുറി

സാധാരണ ഭാഗ്യക്കുറിയിൽ നിന്ന്് വ്യത്യസ്തമായി വലിയ സമ്മാനങ്ങൾ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാന ഘടന നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേർക്ക് ലഭിക്കും. 5,000/ രൂപ വീതമുള്ള 100800 സമ്മാനങ്ങളും
നൽകും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ, മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാർക്ക് പുറമെ താൽപര്യമുള്ള വ്യക്തികൾ, സന്നദ്ധ സാംസ്‌കാരിക സംഘടനകൾ, സർവ്വീസ് സംഘനകൾ, ക്ലബ്ബുകൾ, സ്‌കൂൾ-കോളേജ്
പി.ടി.എകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവർക്കും നവകേരള’ ഭാഗ്യക്കുറി വില്പനയ്ക്കായി താത്ക്കാലിക ഏജൻസി ലഭിക്കും.സൗജന്യമായാണ് ഏജൻസി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവർ ആധാർ കാർഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ഭാഗ്യക്കുറി ജില്ല/സബ് ഓഫീസിൽ ബന്ധപ്പെടണം. ടിക്കറ്റിന് 25ശതമ്ാനം ഏജൻസി കമീഷൻ ലഭിക്കും.നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ തുക പൂർണ്ണമായും ദുരിതാശ്വാസ,
പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.