വയനാട് ജില്ലയില്‍ എലിപ്പനി സംശയിക്കുന്ന തരത്തില്‍ പനി ബാധിച്ചുള്ള മരണം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കുന്ന എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഡോക്‌സി ഡേ ആചരിക്കുന്നു. ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ എന്നിവര്‍ വഴി വീടുകളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക ലഭിക്കും. വെള്ളപ്പൊക്ക സമയത്തും അതിനുശേഷവും വെള്ളത്തിലോ ചെളിയിലോ ഇറങ്ങി ജോലി ചെയ്തവരും ശുചീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ആഴ്ചയില്‍ ഒരു ദിവസം ഒറ്റ ഡോസ് ആയാണ് ഇത് കഴിക്കേണ്ടത്. ആറാഴ്ചവരെ ഇത് തുടരണം. ജില്ലയുടെ പലഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഏതു പനിയും എലിപ്പനി ആണെന്ന് സംശയിച്ചു വിദഗ്ധ ചികിത്സ തേടണം. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ കിഡ്‌നി, കരള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണ കാരണമായേക്കാം. മദ്യപാന ശീലമുള്ളവരില്‍ കരളിന് തകരാര്‍ സംഭവിച്ചിരിക്കാമെന്നതിനാല്‍ എലിപ്പനി രോഗാണുവിന്റെ ആക്രമണം ഗുരുതരമായ രീതിയില്‍ കരളിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പനി ഉള്ളവര്‍ ഒട്ടും സമയം കളയാതെ ചികിത്സ തേടണം.