കുന്നംകുളം നഗരസഭ, താലൂക്ക് ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവരുടെയും പരിചാരകരുടെയും സ്നേഹസംഗമം നടത്തി. നഗരസഭ ടൗണ്‍ഹാളില്‍ എ സി മൊയ്തീന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ പ്രായമായവര്‍ ഒറ്റപ്പെട്ടുപോകുന്ന സംഭവങ്ങള്‍ ഏറെയാണെന്നും അത് ഗൗരവമായി കാണണമെന്നും എ സി മൊയ്തീന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രായമായ മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്തം മക്കള്‍ക്കാണ്. അവര്‍ ആ കര്‍ത്തവ്യം വേണ്ട രീതിയില്‍ നിറവേറ്റണം. മാതാപിതാക്കളെ തഴയുന്ന സമ്പ്രദായമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പുതിയ തലമുറയെ കുടുംബബന്ധങ്ങളുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി വളര്‍ത്തണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. നടന്‍ വി കെ ശ്രീരാമന്‍ മുഖ്യാതിഥിയായി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അംഗങ്ങളായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ ബിജു സി ബേബി, കെ കെ മുരളി, ബീന രവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്‍, ഡോ. എം എ ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

പാലിയേറ്റീവ് സ്നേഹസംഗമത്തിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവർക്കുള്ള ഉപഹാര സമര്‍പ്പണം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സ്നേഹസംഗമത്തിലേക്കുള്ള ഐ എം എ ഘടകത്തിന്റെ സംഭാവന ഡോ. രാവുണ്ണികുട്ടി ചെയര്‍പേഴ്സണ് കൈമാറി. തുടര്‍ന്ന് കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ നടന്നു.