കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെട്ട ടൂറിസം മേഖലയിലെ സംരംഭകരെയും പ്രവര്‍ത്തകരെയും ടൂറിസം വകുപ്പ് പ്രശസ്തി ഫലകവും, പൊന്നാടയും നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് കനകകുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി എസ്.വിജയകുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ഫലകം ഏറ്റു വാങ്ങി. ഡിടിപിസി ജീവനക്കാരായ ബെല്‍റാം, സുലോചന, രാജീവ്, പ്രിന്‍സ്, വേണുഗോപാല്‍, പരമേശ്വരന്‍ എന്നിവരും കൂടാതെ ഡിടിപിസിയുടെ വിവിധ പ്രോജക്റ്റുകളിലെ ലൈസന്‍സികളും ചടങ്ങില്‍ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഡിടിപിസിയുടെ അംഗീകൃത സേവനദാതാക്കളായ ജോസഫ് ദിലേഷ് (സ്‌ക്കൂബാ കൊച്ചിന്‍), സ്റ്റാലിന്‍ (ഗ്രീനിക്‌സ് വില്ലേജ്), അജയ്കുമാര്‍ (സീലാന്‍ഡ്), വിജിത് (ബ്ലൂ മറൈന്‍ ബാക്ക് വാട്ടേഴ്‌സ്), മെഷ് മനോഹരന്‍, ടി.പി. രാജീവ് (ചെറായ് വാട്ടര്‍ സ്‌പോര്‍ട്‌സ്) , സന്തോഷ്( സാന്റോസ് (കിംഗ് ടൂര്‍സ് ട്രാവല്‍സ്) ബെന്നി (ബെന്‍സ് ഹോംസ്റ്റേ), ജോയ് (ബോട്ട് ഡ്രൈവര്‍, ടാജ് മലബാര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി 4600 പേരെ രക്ഷപ്പെടുത്തിയിരുന്നു.
സ്‌കൂബാ കൊച്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശീലനം നേടിയ ആറംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിറങ്ങി. ഇവരുടെ ബോട്ടുകളും ജീപ്പും മുഴുവന്‍ സമയസേവനത്തിനായി ഡിടിപിസിക്ക് വിട്ടുകൊടുത്തു. മലയാറ്റൂര്‍ മണപ്പാട്ടുചിറ, കോലഞ്ചേരി ഇന്ദ്രന്‍ചിറ, കോട്ടയില്‍ കോവിലകം, കടമ്പ്രയാര്‍ എന്നീ ടൂറിസം കേന്ദ്രങ്ങളിലെ ലൈസന്‍സികളായ സംരംഭകരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ഫ്‌ളോട്ടില എന്ന നീന്തല്‍ സഹായിയുടെ സംരംഭകനായ ഷാജി നൂറ് നീന്തല്‍ സഹായികളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. ടൂറിസം വകുപ്പിലെ 24 ലൈഫ് ഗാര്‍ഡുമാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരെയും മന്ത്രി ആദരിച്ചു. ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്, കേരള ഹോം സ്റ്റേ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, കേരളാ ഹാറ്റ്‌സ്, കേരളാ ട്രാവല്‍ മാര്‍ട്ട്, കേരളാ അഡ്വഞ്ചര്‍ ട്രാവല്‍ ഓപ്പറേറ്റേഴ്‌സ്, കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും ടൂറിസം വകുപ്പിന്റെ ആദരം ഏറ്റുവാങ്ങുന്നതിനായി എത്തിയിരുന്നു.