കലാലയങ്ങളും സർവകലാശാലകളും വഴി ലഭ്യമാകുന്ന അറിവുകൾ സമൂഹത്തിന്‍റെ പുരോഗതിക്കും ജീവിത നിലവാര വർധനയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

നവകേരള സൃഷ്ടിയുടെ ഭാഗമായി നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഉത്തരാധുനിക സമൂഹം ഉയർത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവതലമുറയെ ഒരുക്കിയെടുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബെന്ന നിലയിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്കുയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

യുവാക്കളുടെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനിക മേഖലയിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാലകളിൽ ഇൻക്യുബേഷൻ സെന്‍ററുകളും ട്രാൻസ്ലേഷണൽ റിസർച്ച് സെന്‍ററുകളും ആരംഭിക്കുന്നത്. ഇതിനായി ആയിരം കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. നിർമ്മിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്‍റെയുമൊക്കെ നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ കാലമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.