ആദിവാസി സമൂഹത്തിലെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഉണ്ണിക്കൊരു മുത്തം പദ്ധതി കൂടുതൽ ഊരുകളിൽ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്. കൂട്ടമ്പുഴയിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യഥാസമയമുളള പരിശോധനകളും ചികിത്സകളും ഇല്ലാത്തതു മൂലം ആദിവാസി കുട്ടികള്‍ പലപ്പോഴും അനാരോഗ്യത്തോടെയാണ് ജീവിക്കുന്നത്. മതിയായ പോഷകാഹാര കുറവും ഗുരുതരമായ പ്രശ്‌നമാണ്. ഇതിന് പരിഹാരമായി കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നതിനും പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുമാണ് ഉണ്ണിക്കൊരു മുത്തം പദ്ധതി. ശിശുമരണം ഒഴിവാക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളളക്കയ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം നിർവ്വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ദാനി, എ.എസ്. അനിൽ കുമാർ, ഷാരോൺ പനയ്ക്കൽ, ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി , ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ.എ സിബി, ജോഷി പൊട്ടക്കൽ, അംഗങ്ങളായ ശ്രീജ ബിജു, സൽമ പരീത്, ഡയ്സി ജോയി, എളമ്പ്ലാശേരി ഊരുമൂപ്പൻ മൈക്കിൾ മൈക്കിൾ , ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, പിടിഎ പ്രസിഡന്‍റ് വി.ഡി പ്രസാദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.രാജീവ് സംസാരിച്ചു.

മെഡിക്കൽ ക്യാമ്പിന് ഡോ. ഷാരോൺ, ഡോ. നിത, ഡോ. പൂജ, ഡോ. നവമി എന്നിവർ നേത്യത്വം നൽകി. കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ്, അനുര്‍ ഡെന്‍റൽ കോളേജ് മൂവാറ്റുപുഴ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. മെഡിക്കല്‍ ക്യമ്പിനുളള ചെലവ്, ഹെല്‍ത്ത് കാര്‍ഡ്, ലബോറട്ടറി ചാര്‍ജ്ജുകള്‍, വാഹനവാടക, പോഷകാഹാരം, മരുന്നുകള്‍, മെഡിക്കല്‍, ഉപകരണങ്ങള്‍, എന്നിവ ഈ പദ്ധതിക്ക് അനുവദിച്ച തുകയില്‍ നിന്നും കണ്ടെത്തും.