തെങ്ങിന്‍ തൈകളുടെ ആദ്യവാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ്‌ ചെയ്തു


കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. 2022-23 പദ്ധതിയില്‍ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ തയ്യാറാക്കിയ വിതരണത്തിനുള്ള തെങ്ങിന്‍ തൈകളുടെ ആദ്യവാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു. മലയന്‍ കുറിയ (മലയന്‍ ഗ്രീന്‍ ഡാര്‍ഫ്്) ഇനത്തിലുള്ള മുപ്പതിനായിരം തെങ്ങിന്‍ തൈകളാണ് ഇപ്പോള്‍ കൃഷിഭവനുകളിലേക്ക് വിതരണത്തിന് തയ്യാറായിട്ടുള്ളത്. പൊള്ളാച്ചിയിലെ നാളികേര വികസന ബോര്‍ഡിന്റെ അംഗീകൃത കര്‍ഷകരില്‍ നിന്നുമാണ് വിത്തിനുള്ള നാളികേരം വാങ്ങിയത്. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ മുളപ്പിച്ചെടുത്ത തെങ്ങിന്‍ തൈകള്‍ ഗ്രാമ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍ വഴി 75രൂപ വിലക്കാണ് കര്‍ഷകന് ലഭിക്കുക. പദ്ധതിയുടെ പ്രയോജനം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കു ലഭിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ് മുഖ്യപ്രഭാക്ഷണം നടത്തി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ,
ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ഡാനി,കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ തോമസ് സാമൂവല്‍,ഫാം സൂപ്രണ്ട് സൂസന്‍ ലീ തോമസ്, കൃഷി ഓഫീസര്‍ ശില്പ ട്രീസ ചാക്കോ, തൊഴിലാളി സംഘടനാ നേതാക്കളായ എം. വി. യാക്കോബ്,പി.എം.ശിവന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.