പത്തനംതിട്ട: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ കോഴഞ്ചേരി പാലത്തിന്റെ തൂണ് ഉറപ്പിച്ചിരിക്കുന്ന വെല്‍ഫൗണ്ടേഷനിലെ വിള്ളല്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് 1.50 കോടി രൂപയുടെ പദ്ധതി നിര്‍ദേശം സര്‍ക്കാരിലേക്കു സമര്‍പ്പിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. വിള്ളല്‍ പരിശോധിച്ച വിദഗ്ധ സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ മനോമോഹന്‍, ഡിസൈന്‍ ചീഫ് എന്‍ജിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വിശ്വപ്രകാശ്, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഡിസൈന്‍ സജു, പത്തനംതിട്ട റോഡ്‌സ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. ബിനു എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് പാലത്തിലെ വിള്ളല്‍ പരിശോധിച്ചത്.
പാലത്തിന് ബലക്ഷയമില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനമെന്ന് എംഎല്‍എ പറഞ്ഞു. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ല. ഇതിനു പറയുന്ന കാരണം രണ്ടാണ്. ഒന്ന്, പാലത്തിന്റെ ഫൗണ്ടേഷനിലാണ് വിള്ളല്‍ ഉണ്ടായിട്ടുള്ളത്. ഫൗണ്ടേഷനില്‍ മാറ്റം സംഭവിച്ചിട്ടില്ല. സ്ട്രക്ചര്‍ അതേപോലെ നില്‍ക്കുകയാണ്. രണ്ട്, ഇതിനു മുകളിലുള്ള തൂണ് ഒരു ശതമാനം പോലും ചരിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പാലത്തിന് ബലക്ഷയമില്ല എന്ന നിഗമനത്തിലേക്ക് വിദഗ്ധ സംഘം എത്തിയത്. ഏനാത്ത് പാലത്തിന്റെ കാര്യത്തില്‍ ഫൗണ്ടേഷനില്‍ വിള്ളല്‍ ഉണ്ടായശേഷം തൂണ് ചരിഞ്ഞിരുന്നു. വിള്ളല്‍ പരിഹരിക്കുന്നതിനൊപ്പം പാലത്തിലെ നടപ്പാലവും പുനര്‍നിര്‍മിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രത്യേക അനുമതി തേടും. പുതിയ സമാന്തര പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ആശങ്കപ്പെടേണ്ടതില്ലെന്നും വാഹനം കടത്തി വിടുന്നതിന് ബുദ്ധിമുട്ടില്ലെന്നും ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ മനോമോഹന്‍ പറഞ്ഞു. വിള്ളല്‍ ഇപ്പോഴത്തെ വെള്ളപ്പൊക്കം മൂലം ഉണ്ടായതല്ല. വിള്ളല്‍ ഗുരുതരവുമല്ല. 1948 ലെ പാലമാണ്. വിള്ളല്‍ കാലപ്പഴക്കം കൊണ്ടുണ്ടായിട്ടുള്ളതാണ്. മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.