ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം എ.ഡി.എം. എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം മെച്ചപ്പെടുത്തുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് എഡിഎം പറഞ്ഞു. പൊതുജനങ്ങളുടെ നിര്‍ദേശം ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷനെതിരേയുള്ള തോപ്പുംപടി സ്വദേശിയുടെ പരാതി കമ്മിറ്റി സ്വീകരിച്ചു. പരാതിക്ക് മറുപടി നല്‍കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വിജിലന്‍സ് കമ്മിറ്റിയുടെ പൂര്‍ണ വിവരങ്ങള്‍ എല്ലാ ഓഫീസുകളിലും സ്ഥാപിക്കണമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബുക്കുട്ടന്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ജില്ലയിലെ പൊതുസേവകരുടെ അഴിമതി സംബന്ധമായ പരാതികള്‍ കമ്മിറ്റിയില്‍ രേഖാമൂലം ബോധിപ്പിക്കാം.

സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മുഖേന നടപ്പാക്കി വരുന്നതാണ് യോഗം. 2013 ലാണ് ഓരോ ജില്ലയിലും വിജിലന്‍സ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് നിലവില്‍ വന്ന കമ്മിറ്റി ജില്ലയില്‍ 2017 വരെ 10 യോഗം ചേര്‍ന്നു. തുടര്‍ന്ന് പ്രളയം, കോവിഡ് മുതലായ സാഹചര്യങ്ങളില്‍ കമ്മിറ്റി ചേര്‍ന്നിരുന്നില്ല. കമ്മിറ്റി പുനരുജ്ജീവിപ്പിച്ചുകൊണ്ടുള്ള യോഗമാണ് ചേര്‍ന്നത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ഹുസൂര്‍ ശിരസ്തദാര്‍ ബി. അനില്‍ കുമാര്‍ മേനോന്‍, വിവിധ വകുപ്പ് ജീവനക്കാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.