മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞു.
ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസനിധി സമാഹരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് വലിയതോതില്‍ അത്യാവശ്യമാണ്. ഇതിനായി എല്ലാവരും സഹകരിക്കണം. സമാഹരിക്കുന്ന പണം എട്ട് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വൈദ്യുതിവകുപ്പ് മന്ത്രിയും ജനപ്രതിനിധികളും നേരിട്ട് ഏറ്റുവാങ്ങും. ഇതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന് ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. സുതാര്യമായി വേണം ഫണ്ട് സമാഹരണമെന്നും നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഫണ്ട് പിരിവ് നടത്തരുതെന്നും ജില്ലാകലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വകുപ്പുകള്‍ക്കും നിശ്ചിത തുക നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. പണം കാഷ് ആയോ ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായോ സ്വീകരിക്കും. എല്ലാവര്‍ക്കും രസീതും നല്‍കും. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നല്‍കുന്നവര്‍ മറുവശത്ത് പേരും വിലാസവും രേഖപ്പെടുത്തണം.