കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്ട്‌സ് സെന്ററിന്റെ സംഭാവന 10 ലക്ഷം രൂപ. ആര്‍എസ്‌സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ സ്‌പോര്‍ട്ട് സെന്റര്‍ ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, പ്രസിഡന്റ് കൂടിയായ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവരില്‍ നിന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍ ചെക്ക് ഏറ്റുവാങ്ങി. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന 2018 ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിനു വേണ്ടി മെഡല്‍ നേടിയ എട്ട് കായിക താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
കേരളത്തിലെ കാലാവസ്ഥയില്‍ പുതിയ പ്രതിഭാസങ്ങള്‍ കണ്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, വയനാട് മേഖലകളില്‍ ഭൂമി വിണ്ടു കീറുന്നു. വിശദമായ ഭൗമപഠനം ആവശ്യമാകുന്ന സാഹചര്യമാണുള്ളത്. പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിവിധ കോണുകളില്‍ നിന്ന് സഹായം പ്രവഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരള ദുരിതമനുഭവിക്കുമ്പോള്‍ വിദേശികളടക്കമുള്ളവര്‍ സഹായവുമായി മുന്നോട്ട് വരുന്നു. പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളും സൂക്ഷ്മതയോടെയാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രളയത്തിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു. കേരളത്തിന്റെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് ഈ ദുരന്തത്തെ മുറിച്ചു കടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.