കൊച്ചി: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും മിതമായ നിരക്കില്‍ അപാര്‍ട്‌മെന്റ് നല്കുന്ന പദ്ധതിയായ ജനനി പദ്ധതിയുടെ പോഞ്ഞാശ്ശേരി സ്‌കീമിന്റെ ശിലാസ്ഥാപനകര്‍മം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നവംബര്‍ 20 രാവിലെ 10ന് പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍വഹിക്കും.
തൊഴില്‍ നൈപുണ്യം വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള (ബിഎഫ്‌കെ) വഴിയാണ് പദ്ധതി നടപ്പാക്കുക. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അദ്ധ്യക്ഷനും ഇന്നസന്റ് എംപി മുഖ്യാതിഥിയുമാായിരിക്കും. ഭവനം ഫൗണ്ടേഷന്‍ ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ ബിജു, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ലൈഫ്മിഷന്‍ സിഇഒ അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനല്‍, പ്‌ളാനിംഗ്‌ബോര്‍ഡ് അംഗം ഡോ കെ രവിരാമന്‍, ഭവനം ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ വി ശിവന്‍കുട്ടി, എ അലക്‌സാണ്ടര്‍, റെജി ജോണ്‍, തോമസ് ജേക്കബ്,  ബി കെ അജിത്, ഒപിഎ സലാം, ഭവനം ഫൗണ്ടേഷന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ജിഎല്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.
വെങ്ങോല പഞ്ചായത്തിലെ അറക്കപ്ടി വില്ലേജിലാണ് പൊഞ്ഞാശ്ശേരി സ്‌കീം നടപ്പാക്കുന്നത്. രണ്ടു ബെഡ്‌റൂമുകളോടു കൂടിയ 296 അപാര്‍ട്‌മെന്റുകളാണ് അസംഘടിത മേഖലയിലെയും വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കുമായി നിര്‍മിക്കുക.