ആലപ്പുഴ: സ്വന്തം മാല ഊരി നൽകി ഗായത്രിയും കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയായി. കല്ലുമൂട് ഏഞ്ചൽസ് ആർക്കിലെ വിദ്യാർഥിയായ ഗായത്രി എം.എസ്.എം കോളജിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന സർവകലാശാല വിദ്യാർഥികളുടെ ധനസമാഹരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് തന്റെ മാല ഊരി നൽകിയത്. കാലടി തൊളവക്കൂടി സ്വദേശിയാണ്. അനിയൻ ആദിത്യനും ഗായത്രിക്കൊപ്പമുണ്ടായിരുന്നു. കായംകുളം എം.എസ്.എം കോളജിലെ ചരിത്ര അധ്യാപകനായ ഡോ. ടി.ആർ മാനേജിന്റെ മകളാണ് ഗായത്രി. അമ്മ ജിഷമോൾ. ദുരിതാശ്വാസ സഹായ ചടങ്ങിൽ എന്തെങ്കിലും കൊടുക്കണമെന്ന് മനസിൽ കരുതി. കയ്യിലുള്ളത് മാലയായിരുന്നു. അത് കൊടുക്കട്ടെയെന്ന് വീട്ടുകാരോട് ചോദിച്ചപ്പോൾ അവർ സമ്മതം നൽകി. ഗായത്രി പറഞ്ഞു. തന്നിക്ക് പ്രിയപ്പെട്ട മുത്തച്ഛൻ സമ്മാനമായി നൽകിയ മാലയായിരുന്നു ഗായത്രി നൽകിയത്.
