കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന ഊര്‍ജിത ഉറവിട നിര്‍മാര്‍ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂളില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. കേരളം കൂട്ടായ്മയിലൂടെ പ്രളയത്തെ അതിജീവിച്ച പോലെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്ന കാര്യത്തിലും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഊര്‍ജിത കൊതുകു നിര്‍മാര്‍ജന പരിപാടി സെപ്റ്റംബര്‍ 15 ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, നിര്‍മ്മാണസ്ഥലങ്ങള്‍, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും, സെപ്റ്റംബര്‍16 ന് വീടുകള്‍, മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലുമാണ് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ സ്ഥാപനമേധാവികളുടെ നേതൃത്വത്തിലും, കടകളും, മറ്റ് സ്ഥാപനങ്ങളും ഉടമയും, വീടുകള്‍ ഗൃഹനാഥന്റെ  ഉത്തരവാദിത്വത്തിലുമായിരിക്കണം ഉറവിട നിര്‍മാര്‍ജനം നടത്തേണ്ടത്. ഉപയോഗശൂന്യമായ വസ്തുക്കള്‍, ഒഴിഞ്ഞ കുപ്പികള്‍, കവറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, പൂച്ചെടികള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്നാല്‍ കൊതുക് മുട്ടയിട്ട് വളരുവാനിടയുണ്ട്. കൂടാതെ വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങളിലും ചെടിച്ചെട്ടികളുടെ കീഴിലുള്ള ട്രേകളിലും, ഫ്രിഡ്ജിന്റെ ഡീഫ്രോസ്റ്റ് ട്രെയിലുമൊക്കെ വെള്ളം കെട്ടി നില്‍ക്കാനിടയുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒരിടത്തും ഇല്ല എന്ന്  ഉറപ്പ് വരുത്തുകയാണ് ത്രിദിന ഉറവിട നിര്‍മാര്‍ജന പരിപാടിയുടെ ലക്ഷ്യം.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ ചടങ്ങില്‍ അധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. കെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരള മോഹന്‍, അഡിഷണല്‍ ഡി. എം. ഒ. ഡോ. ശ്രീദേവി., ഡോ. ബെറ്റി ആന്റണി, സ്‌കൂള്‍  പ്രിന്‍സിപ്പാള്‍ റൂബി. പി. വര്‍ഗീസ് പി.റ്റി.എ പ്രസിഡന്റ്. കെ.എം.  വര്‍ഗീസ്, പി. എന്‍. ശ്രീനിവാസന്‍, സുമയ്യ, സഗീര്‍ സുധീന്ദ്രന്‍, ഭവില, മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.