കണ്ണൂര്‍ ഡി.ഡി.ഇ യുടെ നേതൃത്വത്തില്‍ എ.ഇ.ഒ ആന്‍ഡ് എച്ച്.എം ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ ദുരിതബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി സഹായങ്ങളെത്തിച്ചു നല്‍കി. നോട്ട്ബുക്കുകള്‍, സ്‌കൂള്‍ ബാഗ്, സ്ലേറ്റ്, പേന, പെന്‍സില്‍, ഇറേസര്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ലഞ്ച് ബോക്‌സ്, കുട, സ്‌കെച്ച് പെന്‍, സ്‌കെയില്‍ തുടങ്ങി പതിനഞ്ചോളം ഇനം പഠനോപകരണങ്ങളാണ് ഇന്നലെ രാവിലെ പെരളശ്ശേരി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാദ്ധ്യപകന്‍ വി.വി ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെത്തിച്ചത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സ്‌നേഹോപഹാരം ഏറ്റുവാങ്ങി.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്നും എ.ഇ.ഒമാരുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ ശേഖരിക്കുകയായിരുന്നു. ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളില്‍ നിന്നും 2000 രൂപ ശേഖരിച്ച് ആയിരം സ്‌കൂള്‍ ബാഗുകള്‍ ദുരിത ബാധിത മേഖലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി എത്തിച്ചു നല്‍കാന്‍ എ.ഇ.ഒമാരുടെയും പ്രധാനാദ്ധ്യപകരുടെയും യോഗത്തില്‍ കണ്ണൂര്‍ ഡി.ഡി.ഇ ഇന്‍ചാര്‍ജ് കെ.വി ലീല നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളും രക്ഷിതാക്കളുമടക്കം കൈകോര്‍ക്കുകയായിരുന്നു. നോട്ടുബുക്കുകളും പേനയും മറ്റും ശേഖരിച്ചു നല്‍കിയത് വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നെന്നു എ.ഇ.ഒ ആന്‍ഡ് എച്ച്.എം ഫോറം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാദ്ധ്യപകനുമായ പി.പി സുബൈര്‍ പറഞ്ഞു. പെരളശ്ശേരി എ.കെ.ജി. മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ 1250 ഇന്‍സ്ട്രുമെന്റ് ബോക്‌സും 300 നോട്ടുബുക്കുകളും മുമ്പും നേരിട്ട് എത്തിച്ചു നല്‍കിയിരുന്നു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ. മിനി, വയനാട് ഡി.ഡി.ഇ കെ. പ്രഭാകരന്‍, ഡി.ഇ.ഒ ഹണി ജി അലക്‌സാണ്ടര്‍ ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ കെ. ബാലകൃഷ്ണന്‍, അക്കൗണ്ട് ഓഫിസര്‍ ടി.പി രാധാകൃഷ്ണന്‍, ജൂനിയര്‍ സുപ്രണ്ട് വി.പി അശോകന്‍ കണ്ണൂര്‍ ഡി.ഡി.ഇ ഓഫിസ് ജീവനക്കാരായ എം. ശരത്ത്‌ലാല്‍, ജ്യോതിഷ് തുടങ്ങിയവരും പങ്കെടുത്തു.